ഇറാനിലെ ആയത്തുല്ല അലി ഖമനയിയുടെ നേതൃത്വത്തിലുള്ള തീവ്ര ഇസ്ലാമിക ഭരണകൂടം, ഇസ്ലാമിക് റിപ്പബ്ലിക്കിൽ അധികം കണ്ടിട്ടില്ലാത്ത ഒരു വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. ഖമനയിയുടെ അടുത്ത സഹായിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് വിവാദം ഉടലെടുത്തിരിക്കുന്നത്. വധു സ്ട്രാപ്‌ലെസ്സ് വെഡ്ഡിംഗ് ഗൗൺ ധരിച്ച വിഡിയോയാണ് വിമര്‍ശനത്തിന് കാരണം. ഭരണകൂടം കർശനമായി നടപ്പിലാക്കുന്ന ഹിജാബ് നിയമത്തിൽ കാപട്യം കാണിക്കുന്നു എന്നാണ് വിമർശകരുടെ ആരോപണം.
2024-ൽ നടന്ന അലി ഷംഖാനിയുടെ മകളുടെ വിവാഹത്തിന്റെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇറാനിലെ ഏറ്റവും മുതിർന്ന പ്രതിരോധ, ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരിൽ ഒരാളും ഖമനയിയുടെ വിശ്വസ്തനുമാണ് ഷംഖാനി. സ്ത്രീകളിലും പെൺകുട്ടികളിലും കർശനമായ ഇസ്ലാമിക നിയമങ്ങൾ നടപ്പാക്കാൻ വാദിക്കുകയും പ്രതിഷേധക്കാർക്ക് നേരെ അക്രമാസക്തമായ അടിച്ചമർത്തലുകൾക്ക് ഉത്തരവിടുകയും ചെയ്ത വ്യക്തികൂടിയാണ് ഷംഖാനി.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പഴയ ക്ലിപ്പിൽ, ഇറാന്‍റെ എക്സ്പീഡിയൻസി കൗൺസിൽ അംഗമായ അഡ്മിറൽ ഷംഖാനി, തെഹ്‌റാനിലെ ആഡംബര ഹോട്ടലിലെ കല്യാണ ഹാളിലേക്ക് മകളെ കൈപിടിച്ച് നടത്തുന്നതായി കാണാം. വധുവായ ഫാത്തിമ, സ്ട്രോപ്പ് ഇല്ലാത്തതും കഴുത്തിറങ്ങിയതുമായ ഗൗൺ ധരിച്ചിരിക്കുന്നു. തല കഷ്ടിച്ച് മാത്രം മറയ്ക്കുന്ന വസ്ത്രമാണ് അവർ ധരിച്ചിരുന്നത്. ഷംഖാനിയുടെ ഭാര്യയും സമാനമായ രീതിയിൽ ഗൗൺ ധരിച്ചിരുന്നു. അവരുടെ പുറംഭാഗവും വശങ്ങളും മറച്ചിരുന്നില്ല, കൂടാതെ ശിരോവസ്ത്രവും ധരിച്ചിരുന്നില്ല. വിഡിയോയിലെ മറ്റ് നിരവധി സ്ത്രീകളും ഹിജാബ് ധരിച്ചിരുന്നില്ല.
2022-ൽ രാജ്യവ്യാപകമായി പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടപ്പോൾ, ഷംഖാനി ആയിരുന്നു ഇറാന്‍റെ ദേശീയ സുരക്ഷാ കൗൺസിലിന് നേതൃത്വം നൽകിയിരുന്നത്. അന്ന് സ്ത്രീകൾ തെരുവിലിറങ്ങുകയും ഹിജാബ് നിയമത്തിനെതിരെ തങ്ങളുടെ ശിരോവസ്ത്രങ്ങൾ കത്തിക്കുകയും ചെയ്തിരുന്നു.