ഇറാനുമായുള്ള സംഘര്‍ഷത്തിന് പിന്നാലെ സാമ്പത്തികമായി തകര്‍ന്ന് ഇസ്രയേല്‍. സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ഇറാന്‍ ചൈനയുമായി സൈനികമായി അടുക്കുന്നതും ഗാസ യുദ്ധത്തെ ചൊല്ലി രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളുമാണ് ഇസ്രയേലിന് തിരിച്ചടിയാകുന്നത്. ചൈനീസ് പിന്തുണയെ നേരിടാന്‍ ഇസ്രയേല്‍ വ്യോമപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഇറാന്‍ യുദ്ധത്തിന് പിന്നാലെ രണ്ടാം പാദത്തില്‍ ഇസ്രയേല്‍ സമ്പദ്‌വ്യവസ്ഥ ഇടിഞ്ഞു. 12 ദിവസം നീണ്ട ഇറാനുമായുള്ള ഏറ്റുമുട്ടലില്‍ രാജ്യത്തെ ബിസിനസുകള്‍ ഏകദേശം പൂര്‍ണമായും അടച്ചിട്ടിരുന്നു. ഇതാണ് സമ്പദ്‌വ്യവസ്ഥയെ ബാധിച്ചത്. രാജ്യത്തിന്‍റെ മൊത്തം ആഭ്യന്തര ഉൽപ്പാദനം 3.5 ശതമാനമാണ് കുറഞ്ഞതെന്ന് ഇസ്രയേല്‍ സെൻട്രൽ ബ്യൂറോ ഫോർ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് പറയുന്നു.

അതേസമയം, ഇറാന്‍ ചൈനയുമായി സൈനിക സഹകരണം വര്‍ധിപ്പിക്കുന്നത് ഇസ്രയേലിന് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ജൂണിലെ സംഘര്‍ഷത്തില്‍ തകര്‍ന്ന ഇറാന്‍റെ മിസൈല്‍ സംവിധാനങ്ങളുടെ അറ്റകുറ്റപണിക്ക് ചൈന സഹായിക്കുന്നു എന്നാണ് ഇസ്രയേല്‍ പത്രമായ യെദിയോത്ത് അഹ്രോനോത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരിട്ട് ആയുധങ്ങള്‍ നല്‍കുന്നു എന്നത് ചൈന സ്ഥിരീകരിക്കുന്നില്ലെങ്കിലും തകര്‍ന്ന സൈനിക സംവിധാനങ്ങള്‍ കെട്ടിപടുക്കാന്‍ ചൈനീസ് സഹായം ലഭിക്കുന്നു എന്നാണ് വിവരം.

കഴിഞ്ഞ മാസം ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗാച്ചി ചൈന സന്ദര്‍ശിച്ചിരുന്നു. ഈ സമയത്ത് തന്നെ എണ്ണ വിതരണത്തിന് പ്രതിഫലമായി ചൈന ഇറാന് ചൈനീസ് നിര്‍മിത സർഫസ്-ടു-എയർ മിസൈലുകള്‍ നല്‍കിയിരുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. അതേസമയം, ഇറാന് ചൈന നേരിട്ട് സൈനിക സഹായം നല്‍കുന്നത് ഇസ്രയേലിന്‍റെ പ്രതിരോധ സംവിധാനങ്ങളെ ബാധിക്കും.  

ആവശ്യമെങ്കില്‍ ഇറാനെതിരെ കൂടുതല്‍ ആക്രമണം നടത്താന്‍ തയ്യാറാണെന്ന് ഇസ്രയേല്‍ സൈനിക മേധാവി ലെഫ്റ്റനൻ്റ് ജനറൽ ഇയാൽ സമീർ പറഞ്ഞതും ഇതിനോട് ബന്ധിപ്പിക്കുകയാണ് നിരീക്ഷകര്‍. ഇതിനോടൊപ്പം അയേണ്‍ ഡോം അടക്കമുള്ള വ്യോമപ്രതിരോധ സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയാണ്. അതേസമയം, എണ്ണ വില ഉയരുമെന്നതിനാല്‍ തങ്ങളെ ആക്രമിക്കാന്‍ യു.എസ് ഇനി പിന്തുണയ്ക്കില്ലെന്ന് ഇറാനും പ്രതികരിച്ചു.

ENGLISH SUMMARY:

Israel's economy is facing a crisis following the conflict with Iran. The economic downturn, coupled with Iran's growing military ties with China and domestic protests over the Gaza war, pose significant challenges for Israel.