യെമനിലെ സനായില്‍ ഹൂതി അനുകൂലികള്‍ ഇറാനെ പിന്തുണച്ച് നടത്തിയ പ്രകടനം

  • ഇസ്രയേല്‍ യുദ്ധത്തില്‍ ഇറാനൊപ്പം ആരെല്ലാം?
  • തുറന്നുപിന്തുണയ്ക്കാതെ ഇസ്‍ലാമിക രാജ്യങ്ങള്‍
  • റഷ്യയുടെയും ചൈനയുടെയും പിന്തുണ നിര്‍ണായകം

ഇസ്രയേലിനെ ലോകഗുണ്ടയെന്നും നെതന്യാഹുവിനെ ലോകതെമ്മാടിയെന്നും ആക്ഷേപിച്ച് എം.എ.ബേബിയും പിണറായി വിജയനും സിപിഎമ്മും ഇറാനെ പിന്തുണയ്ക്കുമ്പോള്‍ ഒരു സംശയമുണ്ടാവും. ഇങ്ങനെ ആശയപരമല്ലാതെ രാജ്യാന്തര വേദികളിലും യുദ്ധമുഖത്തും ഇറാനെ തുണയ്ക്കാന്‍ ആരുണ്ട്? തിരിച്ചടിക്കാന്‍ വടി േവണ്ടേ? വാക്ക് പോരല്ലോ.

ആയത്തുല്ല അലി ഖമനയി, ഡോണള്‍ഡ് ട്രംപ്, ബെന്യമിന്‍ നെതന്യാഹൂ

ഇറാന്‍റെ ഒരു മൂലയ്ക്കൊതുക്കാവുന്നത്ര മാത്രം വലിപ്പമുള്ള ഇസ്രയേലിന് അമേരിക്ക മുതല്‍ കുറേ  രാജ്യങ്ങളുടെ വന്‍പിന്തുണയുണ്ട്. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാമെന്നും  ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി എവിടെയെന്ന് അറിയാമെന്നും ഒക്കെ ട്രംപ് പരസ്യമായി പറയുന്നു. ജർമനി, കാനഡ, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളും വാക്കുകള്‍ കടുപ്പിക്കുന്നു. അപ്പോള്‍ അപ്പുറത്താരുണ്ട്?

ഇസ്രയേല്‍ യുദ്ധത്തില്‍ ഇറാന്‍റെ പിന്‍ബലം ആര്?

രണ്ടുവള്ളത്തിലും കാലുവയ്ക്കുന്ന ഇന്ത്യ, ഇഷ്ടം ഇറാനോടെങ്കിലും അമേരിക്കയ്ക്ക് ‘റാന്‍’ മൂളേണ്ട സ്ഥിതിയിലുള്ള പാക്കിസ്ഥാന്‍, യുഎന്‍ പോലെ രാജ്യാന്തരവേദികളില്‍ ഇറാനെ സംരക്ഷിക്കുന്ന റഷ്യയും ചൈനയും – ഇതിനപ്പുറം എന്തുണ്ട്. കേള്‍വിേകട്ട ‘ആക്സിസ് ഓഫ് റെസിസ്റ്റന്‍സ്’ മാത്രം മതിയോ ഇറാനെ തുണയ്ക്കാന്‍.

യെമനിലെ സനായില്‍ ഇറാന്‍ അനുകൂല ഹൂതി വിമതര്‍ നടത്തിയ പ്രതിഷേധം

പണ്ടുമുതലേ ഇറാന് കൂട്ട് അടുത്തും കുറച്ചകലെയുമുള്ള തീവ്രവാദികളെന്നും ഭീകരരെന്നുമെല്ലാം മറുപക്ഷം വിശേഷിപ്പിക്കുന്ന പോരാളിക്കൂട്ടായ്മകളാണ്. ഇസ്രയേലിനെതിരെ മാത്രമല്ല, അമേരിക്കയ്ക്കുപോലും പലപ്പോഴും വെല്ലുവിളിയായിട്ടുള്ളതും ഈ പ്രതിരോധത്തിന്റെ അച്ചുതണ്ടില്‍ ഇറാന് ചുറ്റും കറങ്ങുന്നവരാണ്. ഇറാന്‍ സാമ്പത്തിക, ആയുധ സഹായം നല്‍കുന്നവര്‍. ലബനിലെ ഹിസ്ബുല്ല, ഇറാഖിലെ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്‌സസ് (പിഎംഎഫ്), യെമനിലെ ഹൂതികൾ, ഗാസയിലെ ഹമാസ് എന്നിവരെല്ലാം. ബാഷർ അൽ-അസദ് ഭരണകൂടം തകരുന്നതുവരെ സിറിയ  ഇറാന് പിന്തുണ നല്‍കിയിരുന്നു. ഭരണമാറ്റത്തോടെ അതുപോയി.

പോരാളിക്കൂട്ടായ്മകള്‍ തകരുമ്പോള്‍ ഇറാനുമുന്നില്‍ വഴിയെന്ത്?

അച്ചുതണ്ടിന്റെ ഭാഗങ്ങളെ കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് തുടര്‍ച്ചയായി ആക്രമിച്ച് ക്ഷീണിപ്പിച്ചശേഷമാണ് ഇസ്രയേല്‍ അവയുടെ പരമാധികാരകേന്ദ്രമായ ഇറാനു നേരെ നീങ്ങിയത്.  ഇറാന്റെ ഏറ്റവും ശക്തമായ സഖ്യകക്ഷിയായിരുന്ന ഹിസ്ബുല്ലയെ  മാസങ്ങൾ നീണ്ട ആക്രമണത്തിലൂടെ ക്ഷീണിപ്പിച്ചു. ലബനനിലുടനീളം അവരുടെ ആയുധശേഖരം തിരഞ്ഞുപിടിച്ച് നശിപ്പിച്ചു. ഏറ്റവും സ്വാധീനമുള്ള നേതാവായ ഹസൻ നസ്‌റല്ലയുടെ കൊലപാതകം സംഘടനയ്ക്ക് വലിയ നഷ്ടമുണ്ടാക്കി. അസദ് ഭരണകൂടത്തിന്റെ പതനത്തെത്തുടർന്ന് ഇറാൻ പിന്തുണയുള്ള സായുധസംഘങ്ങളെ സിറിയ പുറത്താക്കിയത് മേഖലയിലെ മറ്റൊരു പ്രധാന സ്വാധീനം ഇറാന് നഷ്ടപ്പെടുത്തി. എങ്കിലും, ഇറാഖിലും യെമനിലും ഇറാന് ഇപ്പോഴും ശക്തമായ സ്വാധീനമുണ്ട്. ഏകദേശം 200,000 പോരാളികളുള്ള ഇറാഖിലെ പിഎംഎഫ് ഇപ്പോഴും ശക്തമാണ്. യെമനിലെ ഹൂതികൾക്കും സമാനമായ സൈനിക ശേഷിയുണ്ട്.

ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി ഐഒസി യോഗത്തില്‍

മേഖലയിലെ ഏക ഷിയാ രാഷ്ട്രമെന്ന നിലയിൽ ഇറാന്റെ നിലനിൽപ്പിന് ഭീഷണിയുണ്ടായാൽ, മതപരമായ ഐക്യദാർഢ്യം ഈ ഗ്രൂപ്പുകളെ സജീവമായി യുദ്ധത്തിൽ ഇടപെടാൻ പ്രേരിപ്പിച്ചേക്കാം. ഇത് യുദ്ധം അതിവേഗം മേഖലയിലുടനീളം വ്യാപിക്കാൻ ഇടയാക്കും. ഇറാഖിൽ നിലയുറപ്പിച്ചിട്ടുള്ള 2,500 യുഎസ് സൈനികർക്ക് പിഎംഎഫ് ഭീഷണിയാവാം. അമേരിക്ക ഇടപെട്ടാല്‍ അമേരിക്കന്‍ സൈനികത്താവളങ്ങളെ നേരിടുമെന്ന് പിഎംഎഫിലെ കടുത്ത നിലപാടുള്ള വിഭാഗമായ കത്തായിബ് ഹിസ്ബുല്ലയുടെ തലവന്‍ മുന്‍കൂട്ടി അറിയിച്ചിട്ടുണ്ട്. ഇറാന് പേർഷ്യൻ ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളെ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ലക്ഷ്യമിടാനും കഴിയും.

ഇറാന്‍ വിക്ഷേപിച്ച മിസൈല്‍ ഇസ്രയേല്‍ ആകാശത്തുവച്ച് പ്രതിരോധിക്കുന്നു

ആണവായുധമുള്ള പാക്കിസ്ഥാന്‍ ആണ് ഇറാനോട് അടുപ്പം പുലര്‍ത്തുന്ന ഇസ്‌ലാമിക രാജ്യം. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഇറാന് അചഞ്ചലമായ ഐക്യദാർഢ്യം വാഗ്ദാനം ചെയ്തിട്ടുണ്ട്. വലിയ പ്രാദേശിക യുദ്ധത്തിലേക്ക് നീങ്ങുന്നതിന് മുൻപ് നയതന്ത്രപരമായി ഇടപെടാൻ മറ്റ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളോടും തന്ത്രപരമായ പങ്കാളിയായ ചൈനയോടും പാക്കിസ്ഥാൻ അഭ്യർഥിച്ചിട്ടുണ്ട്. ഇറാനെതിരായ യുഎസ് ആക്രമണം പരിഗണനയിലിരിക്കെ ട്രംപ് വാഷിംഗ്ടണിൽ പാക്ക് സൈനിക മേധാവിയെ ലഞ്ചിന് വിളിച്ചത് ഇതിനോട് ചേര്‍ത്തുവായിക്കാം.

ഇറാന്‍ അനുകൂലികള്‍ അമേരിക്കയിലെ ക്യാപ്പിറ്റോള്‍ മന്ദിരത്തിനുമുന്നില്‍ കൊടികള്‍ നിരത്തിയപ്പോള്‍

സൗദി അറേബ്യ, ഈജിപ്ത് തുടങ്ങിയ മുൻ എതിരാളികളുമായും ഇറാൻ ബന്ധം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇസ്രയേലുമായി നയതന്ത്ര ബന്ധം പുലർത്തുന്ന ചില രാജ്യങ്ങളടക്കം ഇരുപതോളം മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങൾ ഇസ്രയേൽ നടപടിയെ അപലപിക്കുകയും സംയമനം പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എങ്കിലും, യുഎസുമായുള്ള ശക്തമായ സഖ്യം കണക്കിലെടുത്ത് സൗദി അറേബ്യ, ഈജിപ്ത്, യുഎഇ, തുർക്കി തുടങ്ങിയ രാജ്യങ്ങൾ ഇറാനെ സൈനികമായി പിന്തുണയ്ക്കാൻ സാധ്യതയില്ല. അതേസമയം സൗദിയും ഖത്തറും ഇറാന്റെ ആണവകേന്ദ്രങ്ങളെ ആക്രമിക്കുന്നതിനെ അപലപിച്ചിട്ടുമുണ്ട്.

ഇറാന്‍ മിസൈലാക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിനുമുന്നില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു

പ്രധാന ആഗോള സഖ്യകക്ഷികളെങ്കിലും റഷ്യയും ചൈനയും  ഇറാന് നേരിട്ട് സൈനിക സഹായം നൽകി ഇസ്രയേലുമായും യുഎസുമായും ഏറ്റുമുട്ടലിനിറങ്ങാന്‍ സാധ്യതയില്ല. റഷ്യയാണെങ്കില്‍ യുക്രെയ്നിലെ ഊരാക്കുടുക്കില്‍ പെട്ടിരിക്കുകയാണ്.  ചൈനയ്ക്കും മറ്റു താല്‍പര്യങ്ങളുണ്ട്. ഇന്ത്യയുടേതുപോലെ തന്നെ ചൈനയ്ക്കും ഇറാനുമായും ഇസ്രയേലുമായും വ്യാപാര, നയതന്ത്ര ബന്ധങ്ങളുണ്ട്.  സമാധാനമുള്ള മധ്യപൂര്‍വേഷ്യയാണ് അവരുടെ ആഗ്രഹവും ലക്ഷ്യവും.

അപ്പോള്‍, സിപിഎമ്മിന്റെ അതേശൈലിയും രീതിയും തന്നെയാവും റഷ്യയും ചൈനയും തുടങ്ങി ഇറാനൊപ്പമെന്ന് പറയുന്ന പല രാജ്യങ്ങളുടെയും.

വാക്കില്‍ ഒപ്പമുണ്ട്, വടിയെടുക്കില്ല.

ENGLISH SUMMARY:

The article discusses the question of who would stand with Iran in a potential conflict, especially given strong international support for Israel. While some political parties in India, like the CPI(M), vocally support Iran, the article questions who would offer tangible military assistance beyond verbal solidarity. Historically, Iran's primary allies have been "Axis of Resistance" groups like Hezbollah, PMF, Houthis, and Hamas, who receive financial and military aid from Iran. However, many of these groups have been weakened by recent Israeli attacks, and while countries like Pakistan express solidarity, major global players like Russia and China are unlikely to offer direct military support due to their own geopolitical interests. Ultimately, the article concludes that many of Iran's stated allies might offer only verbal support, similar to the CPI(M)'s stance, rather than direct military intervention.