ഇസ്രയേല്‍– ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ആയുധ ശേഖരത്തിലെ ചോര്‍ച്ച തടയാന്‍ ഇസ്രയേലിന്‍റെ കൂര്‍മബുദ്ധി. ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനത്തില്‍ ആയുധങ്ങള്‍ കുറയുന്നു എന്ന വാര്‍ത്തയ്ക്കിടെ ഇറാനില്‍ നിന്നുള്ള തുടര്‍ച്ചയായ ആക്രമണങ്ങള്‍ നേരിടാന്‍ മിസൈല്‍ ലോഞ്ചറുകള്‍ ആക്രമിച്ചിരിക്കുകയാണ് ഇസ്രയേല്‍. നൂറു കണക്കിന് ലോഞ്ചറുകള്‍ ആക്രമിച്ചതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് വക്താവ് ജനറല്‍ എഫി ഡെഫ്രിന്‍ പറഞ്ഞു.
വ്യോമപ്രതിരോധത്തിന്‍റെ ഭാഗമായ ആരോ ഇൻ്റർസെപ്റ്ററുകളുടെ കുറവ് ഇസ്രയേലിനുണ്ടെന്നാണ് വാഷിങ്ടണ്‍ പോസ്റ്റിലെ റിപ്പോര്‍ട്ട്. നിലവിലെ ഇറാന്‍ ആക്രമണം വച്ച് 10-12 ദിവസത്തേക്കുള്ള പ്രതിരോധം മാത്രമെ ഇസ്രയേലിന്‍റെ കയ്യിലുള്ളൂ എന്നാണ് അനുമാനം. ഇതിനാല്‍ തന്നെ തിരഞ്ഞെടുത്ത മിസൈലുകളെ മാത്രമെ ഇസ്രയേല്‍ വ്യോമപ്രതിരോധം നേരിടുന്നുള്ളൂ.. ഒഴിഞ്ഞ ഇടത്തേക്ക് എത്തുന്ന മിസൈലുകളെ ഇസ്രയേല്‍ തടയുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ സാഹചര്യത്തിലാണ് വ്യോമപ്രതിരോധത്തിന് പണികുറയ്ക്കാന്‍ ഇസ്രയേല്‍ ഇറാനിലെ ലോഞ്ചറുകള്‍ തകര്‍ത്തത്.
ഇറാന്‍റെ 50-70 ശതമാനം ലോഞ്ചറുകള്‍ തകര്‍ത്തു എന്നാണ് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തിങ്കളാഴ്ച മാത്രം ഇറാന്‍റെ 120 ഓളം ലോഞ്ചറുകള്‍ ഇസ്രയേല്‍ തകര്‍ത്തിരുന്നു. ഇറാന്‍റെ ശേഷി കുറയ്ക്കുന്നതിനൊപ്പം സ്വന്തം പ്രതിരോധം ബലപ്പെടുത്തുകയാണ് ഇസ്രയേല്‍. ഇനി എത്രത്തോളം ബലാസ്റ്റിക്ക് മിസൈലുകള്‍ കയ്യിലുണ്ടെങ്കിലും ഒരേ സമയം 10-30 മിസൈലുകള്‍ മാത്രമെ ഇസ്രയേലിന് നേരെ പ്രയോഗിക്കാന്‍ സാധിക്കുകയുള്ളൂ. ഇത് മിസൈലുകള്‍ തടുത്തിടാന്‍ ഇസ്രയേലിന് കൂടുതല്‍ സമയം ലഭിക്കുകയും ചെയ്യും.
അതേസമയം ഇറാന്‍റെ കയ്യിലെ ആയുധങ്ങളും കുറയുന്നു എന്നാണ് വിവരം. ഇസ്രയേലിന്‍റെ കടന്നാക്രമണം വന്നതിന് ശേഷം 370 ലധികം മിസൈലുകളും നൂറു കണക്കിന് ഡ്രോണുകളും ഇറാന്‍ ഇസ്രയേലിന് നേര്‍ക്ക് പ്രയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ 14 മാസത്തിനിടെ ഇസ്രയേലിലേക്ക് 700 ലധികം മീഡിയം റേഞ്ച് ബലിസ്റ്റിക് മിസൈലുകള്‍ ഇറാന്‍ പ്രയോഗിച്ചിട്ടുണ്ട്. ഇതുപ്രകാരം 300- 1300 എണ്ണം ബാക്കിയുണ്ടാകാം എന്നാണ് ഇസ്രയേല്‍ കണക്കാക്കുന്നത്. ഇതില്‍ വലിയൊരളവ് അഞ്ച് ദിവസത്തിനിടെ പ്രയോഗിച്ചു.