Emergency personnel work at an impact site following a missile strike from Iran on Israel, in Ramat Gan, Israel June 19, 2025. REUTERS/Ammar Awad
ചരിത്രത്തിലാദ്യമായി ഒറ്റയ്ക്ക് പോരാടുകയാണ് ഇറാന്‍, എന്നും കൂട്ടിനുണ്ടാകുമെന്ന് കരുതിയ പ്രോക്സി നെറ്റ്‌വര്‍ക്കുകള്‍ നിശ്ചലമായ അവസ്ഥയാണ്. നാലു പതിറ്റാണ്ടുകൊണ്ട് ഇറാന്‍ രൂപപ്പെടുത്തിയെടുത്ത പ്രോക്സി സൗഹൃദം നിശബ്ദമാണ്. പാശ്ചാത്യരുടേയും ഇസ്രയേലിന്റേയും അധികാരത്തോട് പ്രതിരോധിക്കാനുള്ള സ്വയം പ്രതിരോധമായിരുന്നു ഈ സംഘം. ലെബനനിലെ ഹിസ്ബുള്ള, പാലസ്തീനിലെ ഹമാസ്, യെമന്‍ ഹൂതീസ്, ഇറാഖിലെ ഷിയാ അടങ്ങുന്ന പരസ്പര സഹായസൗഹൃദം പക്ഷേ ഇന്ന് കാണാനില്ല. എല്ലാവരുടേയും ശക്തി ക്ഷയിച്ചതാണ് കാരണമെന്നാണ് വിലയിരുത്തല്‍. Also Read: 1500ലേറെ കിലോമീറ്റര്‍ താണ്ടിയെത്തി ടെല്‍ അവീവിനെ വിറപ്പിച്ച് 'സെജ്ജില്‍'; ഡാന്‍സിങ് മിസൈലില്‍ ഞെട്ടി
സംഘടനയ്ക്കുള്ളിലെ വിഭാഗീയതയും ശക്തിചോരലും ആഭ്യന്തര പ്രശ്നങ്ങളും തന്നെയാണ് സുഹൃദ് രാജ്യത്തില്‍ നിന്നും അകന്നുനില്‍ക്കാന്‍ കാരണം. ലബനനിലെ പാരാമിലിറ്ററി ഗ്രൂപ്പായ ഹിസ്ബുല്ലയുടെ അനക്കം പോലും കാണാനില്ല. പോരാട്ടത്തില്‍ എന്നും ഇറാന്‍റെ ശക്തിയായിരുന്നു ഹിസ്ബുല്ല. 2023മുതലുള്ള നിരന്തരമായ ഇസ്രയേല്‍ ആക്രമണത്തില്‍ അവര്‍ ദുര്‍ബലരായെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാന നേതാവായ ഹസന്‍ നസറല്ലയുടെ കൊലപാതകത്തോടെ തന്നെ ഹിസ്ബുല്ലയുടെ പല്ല് കൊഴിഞ്ഞു. ഹിസ്ബുല്ലയുടെ നിലവിലെ നേതാവ് നയീം ക്വാസെം ലെബനീസ് വക്താവായാണ്. ആയത്തൊളള ഖമനയിയുടെ ചിത്രമോ വാക്കുകളോ പോലും ഇന്ന് ഹിസ്ബുല്ലയുടെ ഓഫീസ്ചുമരുകളില്‍ കാണാനില്ലെന്നാണ് പറയുന്നത്. സാമ്പത്തികമയും ഹിസ്ബുല്ല കടുത്ത പ്രതിസന്ധിയിലാണ്.
ഹമാസിന്‍റെ അവസ്ഥയും സമാനമാണ്. കഴിഞ്ഞ രണ്ടുവര്‍ഷക്കാലത്തെ യുദ്ധത്തില്‍ പ്രധാന നേതാക്കള്‍ പലരും മരിച്ചു. സംഘടനയും തകര്‍ന്നു. ഗാസയിലും കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചു. ഇസ്മയില്‍ ഹനിയയുടേയും യാഹിയ സിന്‍വാറിന്റേയും മരണത്തോടെ യുദ്ധരംഗത്ത് ഇനി അവശേഷിക്കുന്നതാരെന്ന് പോലും വ്യക്തമല്ല. 2023 ഒക്ടോബര്‍ 7ന് ഹമാസ് തുടങ്ങിവച്ച യുദ്ധം പശ്ചിമേഷ്യയെ തന്നെ തീക്കളിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.
ഇറാഖിലെ സ്ഥിതിയും ഇതുതന്നെ. പ്രധാനമന്ത്രി മൊഹമ്മദ് അല്‍ സുഡാനി വാഷിങ്ടണുമായും ടെഹ്റാനുമായും സമാനസൗഹൃദം സൂക്ഷിക്കുന്ന പശ്ചാത്തലത്തില്‍ നിലവിലൊരു നിലപാടെടുക്കാന്‍ താല്‍പര്യപ്പെടുന്നില്ല. ഈയടുത്ത കാലത്ത് യെമനിലെ ഹൂതിവിഭാഗം ഇറാന് പൂര്‍ണപിന്തുണ നല്‍കിയിരുന്നെങ്കിലും ഇപ്പോള്‍ രംഗത്തില്ല.