The interception of a missile, that the Israeli military said to have been fired from Yemen, is seen from the city of Ashkelon, Israel, June 3, 2025. REUTERS/Amir Cohen TPX IMAGES OF THE DAY
ഇസ്രയേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളം ലക്ഷ്യമിട്ട് വീണ്ടും ഹൈപ്പര്‍ സോണിക് മിസൈലുകള്‍. യെമനില്‍ നിന്ന് ഹൂതി വിമതര്‍ മിസൈല്‍ തൊടുത്തതിന് പിന്നാലെ ടെല്‍ അവീവിലും ജെറുസലേമിലും സൈറണുകള്‍ മുഴങ്ങി. മിസൈലുകളെ പ്രതിരോധിച്ചെങ്കിലും ബെന്‍ ഗുറിയോണില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ താല്‍കാലികമായി നിര്‍ത്തിവച്ചെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. മിസൈല്‍ ആക്രമണം കണക്കിലെടുത്ത് അമേരിക്കന്‍ വിമാനം ബെന്‍ ഗുറിയോണിലെ ലാന്‍ഡിങ് ഒഴിവാക്കിയതായും റിപ്പോര്‍ട്ടുണ്ട്.
ഇസ്രയേലിെന ആക്രമിച്ചെന്ന് സ്ഥിരീകരിച്ച ഹൂതി വക്താവ് യഹ്യ സറീ, ഗാസയിലെ സൈനിക നടപടികള്‍ ഇസ്രയേല്‍ അവസാനിപ്പിക്കുംവരെ ആക്രമണം തുടരുമെന്ന് വ്യക്തമാക്കി. പലസ്തീന്‍–2 എന്നുപേരിട്ട ഹൈപ്പര്‍ സോണിക് മിസൈലാണ് ഉപയോഗിച്ചതെന്നും സറീ അവകാസപ്പെട്ടു. ടെല്‍ അവീവ്, അഷൂദ്, എലിയാത് എന്നിവിടങ്ങള്‍ ലക്ഷ്യമിട്ട് ഹൂതികള്‍ ഡ്രോണ്‍ ആക്രമണവും നടത്തി. രണ്ടുദിവസത്തിനിടെ ഇത് രണ്ടാംതവണയാണ് യെമനില്‍ നിന്ന് തൊടുത്ത ഹൈപ്പര്‍ സോണിക് മിസൈല്‍ ഇസ്രയേല്‍ പ്രതിരോധിക്കുന്നത്.
മാര്‍ച്ചിനുശേഷം ഹൂതികള്‍ ഇസ്രയേലിനെ ലക്ഷ്യമിട്ട് 49 മിസൈലുകള്‍ തൊടുത്തുവെന്നാണ് റിപ്പോര്‍ട്ട്. തിരിച്ചടിയായി യെമനിലെ വിമാനത്താവളങ്ങളും തുറമുഖങ്ങളും ഹൂതി കേന്ദ്രങ്ങളുമടക്കം ഇസ്രയേല്‍ തകര്‍ത്തിരുന്നു. ഗാസയിലെ ഉപരോധം നീക്കണമെന്നും ഇസ്രയേല്‍ പിന്‍വാങ്ങണമെന്നുമാണ് ഹൂതികളുടെ ആവശ്യം.
അതിനിടെ ഇസ്രയേലിലുള്ള എല്ലാ കമ്പനികളും എത്രയും വേഗം ഒഴിഞ്ഞുപോകണമെന്നും അല്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങളുണ്ടാകുമെന്നും സനായിലെ ഹൂതി നേതാവ് മഹ്ദ് അല്‍ മഷ്ഹത് മുന്നറിയിപ്പ് നല്‍കി. വരുംദിവസങ്ങളില്‍ ഇസ്രയേലിനെതിരെയുള്ള ആക്രമണം ശക്തമാക്കുമെന്നും മുന്നറിയിപ്പിന് ശേഷവും ഇസ്രയേലില്‍ തുടരുന്നവര്‍ ജീവന്‍ കയ്യില്‍ വച്ചുള്ള ചൂതാട്ടമാണ് നടത്തുന്നതെന്നും അല്‍ മഷ്ഹത് പറഞ്ഞു.