ഹജ് വേളയില്‍ സുരക്ഷയൊരുക്കാന്‍ സിവില്‍ ഡിഫന്‍സിന്റെ 'ഫാല്‍ക്കണ്‍' ഒരുങ്ങി. അടിയന്തിര സാഹചര്യങ്ങളില്‍ അഗ്നിബാധ നേരിടാനാണ് ഫാല്‍ക്കണ്‍ എന്ന പേരില്‍ ഡ്രോണുകളെ വിന്യസിക്കുന്നതെന്ന് സൗദി സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
ഏറ്റവും മികച്ച സുരക്ഷ ഒരുക്കുന്നതിന് നൂതന സാങ്കേതിക വിദ്യകളാണ് ഈ വര്‍ഷത്തെ ഹജ്ജിന് പുണ്യ നഗരങ്ങളില്‍ ഒരുക്കിയിട്ടുളളത്. ഉയരങ്ങളിലും എത്തിച്ചേരാന്‍ കഴിയാത്ത പ്രദേശങ്ങളിലും അഗ്നിശമന, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഡ്രോണുകള്‍ ഉപയോഗിക്കുക. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചാണ് സൗദി സിവില്‍ ഡിഫന്‍സിന്റെ കീഴില്‍ വിന്യസിച്ചിട്ടുളള ഡ്രോണുകള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമാക്കിയിട്ടുളളത്.
12 മണിക്കൂര്‍ വരെ ഉയരങ്ങളില്‍ പറക്കാനും 40 കിലോഗ്രാം ഭാരം വഹിക്കാനും ഡ്രോണുകള്‍ക്കു ശേഷിയുണ്ട്. സംയോജിത രക്ഷാപ്രവര്‍ത്തനം, നിയന്ത്രണം, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയ്‌ക്കൊപ്പം മള്‍ട്ടിപര്‍പ്പസ് അഗ്നിശമന സംവിധാനവും ഡ്രോണുകളില്‍ ഒരുക്കിയിട്ടുണ്ട്. തെര്‍മല്‍ ക്യാമറ, തത്സമയ ദൃശ്യങ്ങള്‍ പകര്‍ത്താനും കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിലേയ്ക്കു കൈമാറാനുമുളള സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.