കുവൈത്തിൽ അല്‍ റിഗ്ഗയിലെ ബഹുനില കെട്ടിടത്തിലുണ്ടായ അഗ്നിബാധയിൽ അഞ്ച് സുഡാൻ പൗരന്മാർ മരിച്ചു. ഇന്നലെ പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. വിദേശികൾ താമസിക്കുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. ആളുകൾ ഉറക്കത്തിലായിരുന്നത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു. അഞ്ചുപേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പ്രാണരക്ഷാർത്ഥം കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചവർക്കാണ് പരിക്കേറ്റത്. അപകടത്തില്‍ ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ വർഷം മംഗഫിലുണ്ടായ അഗ്നിബാധയിൽ 46 ഇന്ത്യക്കാരും 3 ഫിലിപ്പീൻസുകാരും മരിച്ചിരുന്നു. അതിനുശേഷം താമസ കെട്ടിടങ്ങളിലെ പരിശോധനകൾ ഊർജിതമാക്കിയതിന് പിന്നാലെയാണ് മറ്റൊരു ദുരന്തം സംഭവിച്ചിരിക്കുന്നത്.