നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ്, ഷാർജ നിക്ഷേപവികസന അതോറിറ്റിയായ ഷുറുഖിന്‍റെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. 15 വര്‍ഷം തികഞ്ഞതോടെയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 52 പദ്ധതികൾ, 7.2 ബില്യൺ ദിർഹം നിക്ഷേപം, നേരിട്ടും അല്ലാതെയുമായി സ്വദേശികൾക്കും വിദേശികൾക്കുമടക്കം 5,000 പേർക്ക് തൊഴിൽ, റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പ്രധാന നേട്ടങ്ങള്‍ ഇവയാണ്.
സുസ്ഥിര വികസനത്തിനും പ്രാദേശിക ജനങ്ങൾക്ക് പ്രയോജനപ്പെടുന്നതുമായ പദ്ധതികൾക്കാണ് ഷുറൂഖ് പ്രാധാന്യം നൽകിയത്. 52 പദ്ധതികളിലായി 7.2 ബില്യൺ ദിർഹം നിക്ഷേപിച്ച് 60 ദശലക്ഷം ചതുരശ്ര അടി ഭൂമി വികസിപ്പിച്ചു. മൂന്ന് വലിയ റിയൽ എസ്റ്റേറ്റ് പദ്ധതികളും 18 വിനോദ കേന്ദ്രങ്ങളും 10 ഹോസ്പിറ്റാലിറ്റി പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു.
ഷാർജ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദ്ദേശങ്ങളാണ് ഈ വിജയത്തിന് പിന്നിലെന്ന് ഷുറൂഖ് ചെയർപേഴ്സൺ ഷെയ്ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി പറഞ്ഞു. ഖോർഫക്കാൻ ബീച്ച്, അൽ ഹീറ ബീച്ച്, അൽ മജാസ് വാട്ടർഫ്രണ്ട് തുടങ്ങിയ വിനോദ പദ്ധതികളും അൽ നൂർ ഐലൻഡ്, ഹാർട്ട് ഓഫ് ഷാർജ തുടങ്ങിയ കലാ-സാംസ്കാരിക കേന്ദ്രങ്ങളും ഷുറൂഖിന്റെ പ്രധാന നേട്ടങ്ങളാണ്.
മറിയം ഐലൻഡ്, ഷാർജ സസ്റ്റൈനബിൾ സിറ്റി എന്നിവയുൾപ്പെടെയുള്ള പ്രധാന റിയൽ എസ്റ്റേറ്റ് പദ്ധതികളിലായി 5 ബില്യൺ ദിർഹം നിക്ഷേപിച്ചു.വികസനഭൂപടത്തിൽ ഷാർജയെ തിളക്കത്തോടെ അടയാളപ്പെടുത്തുന്നതോടൊപ്പം പ്രവാസികളടക്കമുള്ളവർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഷുറൂഖിന് സാധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.