വായനാ ലോകത്തിന് അറിവിന്റെ വസന്തം സമ്മാനിച്ച് നാല്‍പത്തിനാലാമത് ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് കൊടിയിറക്കം. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നേതൃത്വത്തിലാണ് മേള നടന്നത്. 'നിങ്ങൾക്കും പുസ്തകത്തിനുമിടയിൽ' എന്ന പ്രമേയത്തിൽ 12 ദിവസം നീണ്ടുനിന്ന മേള ഷാർജ എക്സ്പോ സെന്ററിലാണ് സംഘടിപ്പിച്ചത്.
നവംബർ അഞ്ചിന് ആരംഭിച്ച പുസ്തകോത്സവത്തിന്റെ ആദ്യദിനം മുതൽ തന്നെ വായനക്കാർ ഷാർജയിലേക്ക് ഒഴുകിയെത്തിയിരുന്നു. 118 രാജ്യങ്ങളിൽ നിന്നുള്ള 2,350 പ്രസാധകരും 66 രാജ്യങ്ങളിൽ നിന്നുള്ള 250 എഴുത്തുകാരും കലാകാരന്മാരും മേളയിൽ പങ്കെടുത്തു. ഹോളിവുഡ് സൂപ്പർ താരവും ഓസ്കാർ ജേതാവുമായ വിൽ സ്മിത്ത് ഉൾപ്പെടെയുള്ള പ്രമുഖർ മേളയുടെ മാറ്റുകൂട്ടി. ബുക്കർ പ്രൈസ് ജേതാവ് ഭാനു മുഷ്താഖ്, ഇ. സന്തോഷ് കുമാർ തുടങ്ങിയ ഇന്ത്യൻ എഴുത്തുകാരുടെ സാന്നിധ്യവും ശ്രദ്ധനേടി.
മലയാളത്തിന്റെ പ്രിയ കവി കെ. സച്ചിദാനന്ദൻ, കെ.ആർ. മീര എന്നിവരും സദസ്സുകളുമായി സംവദിച്ചു. പ്രവാസി മലയാളികളുടേതും നാട്ടിൽ നിന്നുള്ളവരുടേതും ഉൾപ്പെടെ നൂറുകണക്കിന് മലയാള പുസ്തകങ്ങളാണ് മേളയിൽ പ്രകാശനം ചെയ്തത്. കുട്ടികളുടെ വലിയ പങ്കാളിത്തവും പാചക വിഭാഗത്തിൽ ലോകോത്തര പാചകക്കാരുടെ പരിപാടികളും മേളയെ സജീവമാക്കി. അക്ഷരങ്ങളുടെ തിളക്കം മനസ്സിൽ സൂക്ഷിച്ച്, അടുത്ത വായനാ വസന്തത്തിനായി കാത്തിരിക്കുകയാണ് സാഹിത്യലോകം.