ദുബായ് അതിസമ്പന്നരുടെ ഇഷ്ടകേന്ദ്രമായി മാറുന്നു. ഈ വർഷം മാത്രം 7100 കോടീശ്വരന്മാരാണ് ദുബായിൽ സ്ഥിരതാമസമാക്കാൻ ഒരുങ്ങുന്നത്. ഇത് രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയ്ക്ക് വലിയ ഉണർവ് നൽകുന്നതോടൊപ്പം, ആഗോള സാമ്പത്തിക ഭൂപടത്തിൽ ദുബായിയുടെ സ്ഥാനം കൂടുതൽ ശക്തമാക്കുമെന്നു വിലയിരുത്തപ്പെടുന്നു. കോടീശ്വരന്മാരുടെ വരവോടെ ഏകദേശം 2100 കോടി ദിർഹത്തിന്‍റെ മൂലധനമാണ് ദുബായിയുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് എത്തുന്നത്. ഇത് യുഎഇയുടെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്‍റെ പകുതിയോളം വരും.
ലോകോത്തര ജീവിത നിലവാരം, ഉയർന്ന സുരക്ഷ, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, രാഷ്ട്രീയപരമായ സ്ഥിരത, ശക്തമായ സാമ്പത്തിക അടിത്തറ, കുറഞ്ഞ നികുതി നിരക്കുകൾ എന്നിവയാണ് അതിസമ്പന്നരെ ദുബായിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ. ആഡംബര ജീവിതം നയിക്കാനുള്ള സൗകര്യങ്ങൾക്ക് പുറമെ, സുരക്ഷിതവും വളർച്ചാ സാധ്യതകളുള്ളതുമായ ഒരു നിക്ഷേപ കേന്ദ്രം എന്ന നിലയിലും ദുബായ് ശ്രദ്ധ നേടുന്നു.