യുഎഇയിലെ സർക്കാർ സ്കൂൾ പാഠ്യപദ്ധതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിർബന്ധമാക്കി. സെപ്റ്റംബറിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിൽ കെ.ജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെ നിർമിത ബുദ്ധി പ്രത്യേക വിഷയമായി പഠിപ്പിക്കും. സാങ്കേതിക വിദ്യയെക്കുറിച്ച് വിദ്യാർഥികൾക്ക് അറിവ് പകരുന്നതിന്റെ ഭാഗമായാണ് പരിഷ്ക്കാരം. ഇനി നാലാം വയസ്സു മുതൽ വിദ്യാർഥികൾക്ക് ഇനി AI വിജ്ഞാനം ലഭിച്ചുതുടങ്ങും.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് തീരുമാനം പ്രഖ്യാപിച്ചത്. ലോകത്ത് പുതുതലമുറയ്ക്ക് വ്യത്യസ്ത ഭാവി ഉറപ്പാക്കുകയാണ് ദീർഘകാല എഐ പദ്ധതികൊണ്ട് ലക്ഷ്യമാക്കുന്നതെന്നും വിശദീകരിച്ചു. ആഗോളതലത്തിൽ തന്നെ ഭാവി ജീവിത രീതിയെ മാറ്റിമറിക്കാൻ സഹായിക്കുന്ന എഐ ഉൾപ്പെടുത്തി സമഗ്ര പാഠ്യപദ്ധതി വികസിപ്പിച്ച വിദ്യാഭ്യാസ മന്ത്രാലയത്തെ ഷെയ്ഖ് മുഹമ്മദ് അഭിനന്ദിച്ചു.
ഡേറ്റാ ആൻഡ് ആൽഗോരിതം, സോഫ്റ്റ് വെയർ ആപ്ലിക്കേഷൻ, എഐയുടെ സാധ്യതകളും അപകടവും, എഐ അധിഷ്ഠിത പദ്ധതികൾ, എഐ നയങ്ങളെ സമൂഹത്തിന് ഗുണകരമാക്കി മാറ്റുക തുടങ്ങിയവയാണ് പഠിപ്പിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി സാറ ബിൻത് യൂസഫ് അൽ അമീരി പറഞ്ഞു. സ്കൂളിലേക്ക് ആവശ്യമായ അധ്യാപകരെ സർക്കാർ നിയമിക്കും. പഠനോപകരണങ്ങളും സയമബന്ധിതമായ മാർഗനിർദേശങ്ങളും നൽകും. എഐ പഠിപ്പിക്കാനാവശ്യമായ സംവിധാനങ്ങൾ സെപ്റ്റംബറിന് മുൻപ് തന്നെ ക്ലാസ് മുറികളിൽ സജ്ജമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഉയർന്ന സാങ്കേതിക യോഗ്യതയുള്ള അധ്യാപകരെ ഇതിനായി നിയമിക്കും. എഐ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുന്നതിനും അതിന്റെ സ്വീകാര്യത വർധിപ്പിക്കുന്നതിനുമായി ദുബായിൽ എഐ അക്കാദമി സ്ഥാപിക്കാൻ ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.