ഹമാസ് തടവില്‍ മരിച്ച രണ്ട് കുട്ടികളുടേതുള്‍പ്പെടെ നാലുപേരുടെ മൃതദേഹം ഇസ്രയേലിനു കൈമാറി. രണ്ട് കുഞ്ഞുങ്ങളുടെയും അവരുടെ അമ്മയുടേയും മൃതദേഹമെന്ന തരത്തിലാണ് കൈമാറിയതെങ്കിലും അമ്മയുടെ മൃതദേഹമല്ലന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.
മുപ്പത്തിരണ്ടുകാരിയായ ഷിരി ബിബാസിന്റേയും മക്കളായ ഒന്‍പതുമാസം പ്രായമുള്ള ഫിര്‍, നാലുവയസുകാരന്‍ ഏരിയല്‍ എന്നിവരുടെയും എണ്‍പത്തിമൂന്നുകാരനായ ഓദീദ് ലിഫ്ഷിറ്റ്സിന്റെയും മൃതദേഹങ്ങളെന്നു പറഞ്ഞാണ് ഹമാസ് കൈമാറിയത്. ഖാന്‍ യൂനിസില്‍ റെഡ്ക്രോസിന് മൃതദേഹം കൈമാറി. മൃതദേഹങ്ങള്‍ കൈമാറുംമുന്‍പ് പൊതുവേദിയില്‍ പ്രദര്‍ശിപ്പിച്ചതിനെതിരെ യു.എന്‍ ഉള്‍പ്പടെ അപലപിച്ചു. രാജ്യാന്തര മര്യാദകളുടെ ലംഘനമാണ് ഉണ്ടായതെന്ന് യു.എന്‍ വ്യക്തമാക്കി. ഇസ്രയേലിെനതിരെ പ്രകോപനപമായ ബാനറുകള്‍ ഉയര്‍ത്തിയാണ് പൊതുവേദിയില്‍ വച്ച് മൃതദേഹങ്ങള്‍ കൈമാറിയത്.
ഫിറിന്റെയും ഏരിയലിന്റേയും മൃതദേഹമാണെന്ന് ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചെങ്കിലും അമ്മ ഷിരി ബിബാസിന്റെ മൃതദേഹമല്ല ലഭിച്ചതെന്ന് സൈന്യം അവകാശപ്പെട്ടു. അതേസമയം മറ്റേതെങ്കിലും ബന്ദികളുടെ വിവരങ്ങളുമായും സാമ്യമുള്ള മൃതദേഹമല്ല ഹമാസ് കൈമാറിയതെന്ന് ഇസ്രയേല്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറന്‍സിക് മെഡിസിന്‍ വ്യക്തമാക്കി. താത്കാലിക വെടിനിര്‍ത്തലിനിടെ നൂറുകണക്കിനു തടവുകാരെ കൈമാറിക്കഴിഞ്ഞു. ഇതാദ്യമായാണ് ബന്ദികളുടെ മൃതദേഹങ്ങള്‍ കൈമാറുന്നത്. 2023 ഒക്ടോബര്‍ 7നുണ്ടായ ആക്രമണത്തിനിടെയാണ് ഹമാസ് ബന്ദികളെ പിടികൂടിയത്.
കൈമാറിയ നാലുപേരും ഇസ്രയേല്‍ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഹമാസ് അവകാശപ്പെട്ടു. എന്നാല്‍ ഹമാസിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവിനെത്തുടര്‍ന്നാണ് ഇവര്‍ മരിച്ചതെന്ന് ഇസ്രയേല്‍ തിരിച്ചടിച്ചു. ഷിരിയുടെ മൃതദേഹമല്ല കൈമാറിയതെന്ന ഇസ്രയേല്‍ വാദത്തോട് ഇതുവരെയും ഹമാസ് പ്രതികരിച്ചിട്ടില്ല.
അതേസമയം മധ്യഇസ്രയേലില്‍ പാർക്ക് ചെയ്ത മൂന്ന് ബസ്സുകളിൽ ഇന്നലെ ഉണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. സ്ഫോടനത്തെത്തുടര്‍ന്ന് ഇസ്രായേൽ സൈന്യം പടിഞ്ഞാറൻ തീരത്ത് തങ്ങളുടെ സൈനിക ശക്തി വർദ്ധിപ്പിച്ചു.