സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ രാജ്യം നിഷ്ക്കര്‍ഷിക്കുന്ന നിയമങ്ങള്‍ക്കെതിരെ ഇറാനില്‍ തുണിയുരിഞ്ഞ് യുവതിയുടെ പ്രതിഷേധം. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മഷാദിലാണ് സംഭവം. യുവതിയുടെ പ്രതിഷേധത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. പൊലീസ് കാറിനു മുന്‍പിലേക്ക് നഗ്നയായി പെട്ടെന്ന് ചാടിവീണ യുവതി ബോണറ്റിനു മുകളില്‍ കയറി നില്‍ക്കുകയും പിന്നീട് കുത്തിയിരിക്കുകയുമായിരുന്നു. തീര്‍ത്തും ആക്രമണമനോഭാവത്തോടെയായിരുന്നു യുവതിയുടെ പ്രതിഷേധം.
പൊലീസ് ഉദ്യോഗസ്ഥര്‍ വന്ന് പലവട്ടം യുവതിയെ അനുനയിപ്പിക്കാനും താഴെ ഇറക്കാനും ശ്രമിച്ചെങ്കിലും പൊടിക്കുപോലും അനങ്ങാതെ യുവതി നിലയുറപ്പിച്ചു. ഈ കൈവിട്ട പ്രതിഷേധത്തിന്‍റെ കാരണം കൃത്യമായി വ്യക്തമല്ലെങ്കിലും വസ്ത്രധാരണത്തിന് അടുത്തിടെ രാജ്യത്ത് നിലവില്‍ വന്ന നിയന്ത്രണങ്ങള്‍ക്കെതരാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍. മാനസികപ്രശ്നമുള്ള യുവതിയാണെന്നും അതല്ല ആ രാജ്യത്തെ കര്‍ശനനിയമങ്ങള്‍ തന്നെയാണ് പ്രശ്നമെന്നും പറയുന്നവരുണ്ട്. ഇറാനില്‍ സ്ത്രീകള്‍ക്കുമേല്‍ ചുമത്തുന്ന കര്‍ശനനിയമങ്ങള്‍ക്കെതിരെ പല ഭാഗത്തുനിന്നും പ്രതിഷേധമുയരുന്നുണ്ട്.
യുവതിയുടെ പ്രതിഷേധത്തോടെ വിഷയം ആഗോളശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. കഴിഞ്ഞ ഡിസംബറിൽ ഇറാന്‍ നിയമസഭ കടുത്ത ശിക്ഷകളും പിഴകളും ഉൾപ്പെടുത്തിയുള്ള ഹിജാബ് ബില്‍ പാസാക്കിയിരുന്നു. സ്ത്രീകളും പെൺകുട്ടികളും തലമുടി, കൈ, കാലുകൾ പുറത്ത് കാണിച്ചാല്‍ കഠിനമായ ശിക്ഷകൾ ലഭിക്കുന്നതാണ് ഈ ബില്ല്.