a-baby-child-alone-night
  • സ്വന്തം മകളെ മറന്ന പിതാവിന്റെ ക്രൂരത സമൂഹമാധ്യമങ്ങളിലും ചർച്ചയാണ്

സ്നേഹത്തിന്റെയും കരുതലിന്‍റെയും പ്രതീകമാകേണ്ട അച്ഛന്റെ സ്ഥാനത്തുനിന്നും മനുഷ്യത്വത്തെ ഞെട്ടിക്കുന്ന ഒരു ക്രൂരത റിപ്പോ‍ട്ട് ചെയ്തിരിക്കുകയാണ് അമേരിക്കയിലെ സൗത്ത് കരോലിനയില്‍. പോക്കിമോൻ കാർഡുകൾ വാങ്ങാനുള്ള ക്യൂവിൽ സ്വന്തം സ്ഥാനം നഷ്ടപ്പെടാതിരിക്കാൻ, ഉറങ്ങിക്കിടന്ന ആറുവയസുകാരി മകളെ പാതിരാത്രിയിൽ ഷോപ്പിംഗ് മാളിന് പുറത്ത് തനിച്ചാക്കി പിതാവ് പോയതാണ് സംഭവം. 

പുതിയതായി പുറത്തിറങ്ങുന്ന പോക്കിമോൻ കളക്ടിബിൾ കാർഡുകൾ വാങ്ങാൻ സൗത്ത് കരോലിനയില്‍ പ്രശസ്തമായ ടാർഗെറ്റ് സ്റ്റോറിന് മുന്നിൽ തലേദിവസം രാത്രി മുതൽ ആളുകൾ ക്യൂ നിൽക്കാൻ തുടങ്ങിയിരുന്നു. ഈ ക്യൂവിൽ മുൻനിരയിൽ സ്ഥാനം ഉറപ്പിക്കാനാണ് പിതാവ് തന്റെ ആറുവയസുകാരി മകളെ കൂടെക്കൂട്ടിയത്.

പുലർച്ചെ രണ്ടരയായപ്പോഴേക്കും കുഞ്ഞ് ഉറങ്ങിപ്പോയി. തണുപ്പ് അരിച്ചിറങ്ങുന്ന കാലാവസ്ഥയില്‍ ഷോപ്പിംഗ് മാളിനു പുറത്ത് ഉറങ്ങിക്കിടക്കുന്ന കുഞ്ഞിന് പുതപ്പും തലയണയും നൽകി. അതോടെ തനിക്ക് പകരം ക്യൂവിൽ സ്ഥാനം കാത്തുസൂക്ഷിക്കാൻ ആ പിഞ്ചുകുഞ്ഞിനെ തെരുവിൽ തനിച്ചാക്കി പിതാവ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പിന്നീട് കട തുറക്കുന്ന സമയത്താണ് പിതാവ് തിരിച്ചെത്തിയത്.

പാതിരാത്രിയിൽ വിജനമായ സ്ഥലത്ത് ഒരു പിഞ്ചുകുഞ്ഞ് തനിച്ചുകിടക്കുന്നത് കണ്ടവര്‍ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ കുഞ്ഞിനെ സുരക്ഷിതമായി ഏറ്റെടുക്കുകയും സോഷ്യൽ സർവീസിന്റെ സംരക്ഷണത്തിലേക്ക് മാറ്റുകയും ചെയ്തു.

പൊലീസിന്റെ അന്വേഷണത്തിലാണ് ക്യൂവില്‍ സ്ഥാനം നിലനിർത്താൻ വേണ്ടി മാത്രം പിതാവ് കുഞ്ഞിനെ അവിടെ ഉപേക്ഷിച്ചുപോയതെന്ന് വ്യക്തമായത്. കുട്ടിയോട് ക്രൂരമായി പെരുമാറിയതിനും സുരക്ഷാഭീഷണി സൃഷ്ടിച്ചതിനും പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസ് കോടതിയിലെത്തിയപ്പോള്‍ 40,000 ഡോളർ ബോണ്ടും വിധിച്ചു. സ്വന്തം മകളെ മറന്ന പിതാവിന്റെ ക്രൂരത സമൂഹമാധ്യമങ്ങളിലും ചർച്ചയായിരിക്കുകയാണ്.

ലോകമെമ്പാടും കുട്ടികളും മുതിർന്നവരും ആവേശത്തോടെ കളിക്കുകയും ശേഖരിക്കുകയും ചെയ്യുന്ന ഒരു ട്രേഡിങ് ഗെയിം കാർഡാണ് പോക്കിമോൻ കാർഡ്. പിക്ചറുകളും പ്രത്യേക പോയിന്‍റുകളുമായി വിവിധ ഭാവനാ സൃഷ്ടികളായ ജീവികളുടെ ചിത്രങ്ങളാണ് കാർഡുകളിൽ ഉണ്ടാകുക. 1996-ൽ ജപ്പാനിലാണ് ഇത് ആദ്യമായി പുറത്തിറങ്ങുന്നത്. രണ്ട് കളിക്കാർ തമ്മിൽ കാർഡുകൾ ഉപയോഗിച്ച് മല്‍സരിക്കുന്നതാണ് ഗെയിം രീതി.

കളിയേക്കാളുപരി ഇവ ശേഖരിക്കുന്നതിലും മല്‍സരമുണ്ട്. അപൂർവമായി പുറത്തിറങ്ങുന്ന ചില പ്രത്യേക കാർഡുകൾ സ്വന്തമാക്കാൻ കളക്ടർമാർ ലക്ഷക്കണക്കിന് രൂപവരെ ചെലവഴിക്കാറുണ്ട്. ഒരു ലക്ഷം ഡോളറിന് മുകളിൽ വിലമതിക്കുന്ന സ്പെഷ്യല്‍ കാർഡുകളും വിറ്റുപോകാറുണ്ട്. ഈ ഭ്രാന്തമായ കളക്ഷൻ ആവേശമാണ് പലപ്പോഴും ആളുകളെ മണിക്കൂറുകളോളം നീളുന്ന ക്യൂവിൽ കാത്തുനിൽക്കാൻ പ്രേരിപ്പിക്കുന്നത്.

ENGLISH SUMMARY:

A father in South Carolina, USA, was arrested after abandoning his sleeping 6-year-old daughter outside a Target store in the middle of the night. He left the child exposed to freezing temperatures with only a blanket and pillow to hold his spot in a queue for collectible Pokémon trading cards. Passersby discovered the unattended child and alerted the police, who placed her in protective social services and subsequently arrested the father for child endangerment.