julie-elephant

TOPICS COVERED

 

പോര്‍ച്ചുഗല്‍ സര്‍ക്കസുകളിലെ അവസാന വന്യമൃഗവും കൂടാരംവിട്ടു. വിക്ടർ ഹ്യൂഗോ കാർഡിനലി സർക്കസ് കമ്പനിയിലെ  ജീവിതം അവസാനിപ്പിച്ച് 45 വയസുള്ള ജൂലി എന്ന പിടിയാന കാടിന്‍റെ സ്വാതന്ത്രത്തിലേക്ക് ചുവടുവച്ചു.  പാൻജിയ ആന സങ്കേതത്തിലെ ആദ്യ താമസക്കാരിയായി ജൂലി താമസം തുടങ്ങി.  മേയ് മാസത്തില്‍ ആന സങ്കേതം അധികൃതരും സര്‍ക്കസ് കമ്പനിയുടെ തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു. തുടര്‍ന്ന് സര്‍ക്കസ് കമ്പനി അധികൃതര്‍ തന്നെ ജൂലിയെ ആന സങ്കേതത്തില്‍ എത്തിച്ചു. ഇപ്പോള്‍ ജൂലി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. പുതിയ കാഴ്ചകളും അനുഭവങ്ങളും ജൂലി നന്നായി ആസ്വദിക്കുന്നു. സര്‍ക്കസ്  ആനകളിൽ സാധാരണ കാണുന്ന സന്ധിവീക്കവും ചലനപരിമിതികളും ഉള്ളതിനാൽ വിദഗ്ധ ഡോക്ടര്‍മാരുടെ  പരിചരണവും ജൂലിക്ക് ലഭിക്കുന്നുണ്ട്. ബെൽജിയത്തിലെ ഒരു മൃഗശാലയിൽ നിന്ന്  കരിബ എന്ന ആഫ്രിക്കൻ ആനയും ഉടന്‍ ജൂലിക്ക് കൂട്ടായി  ഇവിടെയെത്തും

സര്‍ക്കസിനൊപ്പം 38 വര്‍ഷം

1980-കളുടെ അവസാനത്തിൽ ദക്ഷിണ ആഫ്രിക്കയിൽ നിന്ന് പിടികൂടി പോർച്ചുഗലിലെത്തിച്ച  പിടിയാനയാണ് ജൂലി. കൊമ്പുകള്‍ക്കായി അമ്മയെ വേട്ടയാടുന്ന ക്രൂരത നേരില്‍കണ്ട് പകച്ചുനിന്ന ദിവസങ്ങള്‍ മാത്രം പ്രായമുള്ള  കുട്ടിയാനയായിരുന്നു ജൂലി. വേട്ടക്കാര്‍തന്നെ ജൂലിയെ പിടികൂടി പോര്‍ച്ചുഗലിലെത്തിച്ചു. 1988-ൽ പോർച്ചുഗലിലെ ഏറ്റവും വലിയ സർക്കസായ വിക്ടർ ഹ്യൂഗോ കാർഡിനലില്‍ എത്തിയ ജൂലി, അടുത്ത നാല് പതിറ്റാണ്ട് ആയിരക്കണക്കിന്  പ്രദര്‍ശനങ്ങള്‍  നടത്തി. ജൂലിക്കൊപ്പം 1988ല്‍ സാംബ എന്ന കൊമ്പനെയും സര്‍ക്കസ്  കമ്പനി ഏറ്റെടുത്തിരുന്നു. 2018-ൽ സർക്കസുകളിൽ വന്യമൃഗങ്ങളെ നിരോധിച്ചുകൊണ്ടുള്ള നിയമം പോർച്ചുഗൽ പാസാക്കി. 2024-ഓടെ ഈ നിയമം പൂർണമായും പ്രാബല്യത്തിൽ വന്നു. അതോടെ ജൂലിയുടെ പ്രകടനങ്ങൾ അവസാനിച്ചു. 2024ല്‍ കൂട്ടുകാരനായിരുന്ന സാംബയും ചരിഞ്ഞതോടെ ജൂലി ഒറ്റപ്പെട്ടു.

നാടിറങ്ങുന്ന ആനകളെ കാത്ത് പാന്‍ജിയ

ബ്രിട്ടീഷ് ചാരിറ്റിയായ പാൻജിയ ട്രസ്റ്റ് നിർമിച്ച യൂറോപ്പിലെ ആദ്യത്തെ വൻകിട ആന സങ്കേതമാണ് പാൻജിയ. പുൽമേടുകളും ഓക്ക് വനങ്ങളും തടാകങ്ങളുമടങ്ങുന്ന 400 ഹെക്ടർ വിസ്തൃതിയുള്ള വനമാണിത്. അലെന്തേജോ മേഖലയിലെ അലാൻഡ്രോവൽ, വില്ല വിക്കോസ മുനിസിപ്പാലിറ്റികളിലായി പരന്നുകിടക്കുന്നു. ഇവിടുത്തെ ആദ്യത്തെ താമസക്കാരിയാണ് ജൂലി. ഭാവിയിൽ സർക്കസുകളിൽ നിന്നും മൃഗശാലകളിൽ നിന്നും വിരമിച്ച 20 മുതൽ 35 വരെ ആനകളെ ഇവിടെ പാർപ്പിക്കാനാണ് പദ്ധതി. 

ENGLISH SUMMARY:

Julie, a 45-year-old female elephant, has finally stepped into forest freedom after spending 38 years performing in Portuguese circuses. Captured as a baby in South Africa in the late 1980s, she became the final wild animal in Portugal's circus industry following legislative bans. She has now arrived as the inaugural resident of the Pangea elephant sanctuary, a sprawling 400-hectare protected habitat in Alentejo. Veterinary specialists are currently monitoring her health and providing targeted care for joint ailments while she adapts to her new natural surroundings.