ആനകളുടെ എണ്ണത്തിലെ കുറവ് മാത്രമല്ല നിലവിലെ ആനകളുടെ ആരോഗ്യ സ്ഥിതിയും ഉത്സവാഘോഷങ്ങളെ ബാധിക്കുകയാണ്. ആനകള്‍ അധിക ജോലി എടുക്കേണ്ടി വരുമ്പോഴുള്ള ആശങ്കയിലാണ് ഉടമകള്‍.
ആനകളുടെ എണ്ണം കുറയുന്തോറും ബാക്കിയുള്ളവയുടെ ജോലിഭാരം കൂടുകയാണ്. പൂരങ്ങളും ഉത്സവങ്ങളും അടുക്കുന്തോറും ഉടമസ്ഥരുടെ ആശങ്കയും കൂടുന്നു. ആനക്ഷാമം രൂക്ഷമാകുന്തോറും, നിലവിലുള്ള ഓരോ ആനയും കൂടുതൽ ഉത്സവങ്ങളിലേക്ക് നിർബന്ധിതമായി പോകേണ്ടിവരുന്നു.
ഒരേ ആഴ്ചയിൽ തന്നെ ഒന്നിലധികം ക്ഷേത്രങ്ങളിലേക്ക് സഞ്ചരിക്കേണ്ടി വരുന്ന അവസ്ഥ ഇന്ന് സാധാരണമാണ്. പരിചയസമ്പന്നരായ പാപ്പാന്മാർ പറയുന്നത്, മുമ്പ് ഒരു ആനയ്ക്ക് ഉത്സവങ്ങൾക്കിടയിൽ രണ്ടോ മൂന്നോ ദിവസത്തെ വിശ്രമം ലഭിച്ചിരുന്നെങ്കിൽ, ഇന്ന് പലപ്പോഴും ഒരു ദിവസത്തെ ഇടവേള പോലും കിട്ടുന്നില്ല എന്നാണ്.
നിലവിലുള്ള ആനകളിൽ പലതിനും പ്രായാധിക്യമുണ്ട്, ചിലതിന് ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ഇവയെ ഇനിയും അമിതമായി ജോലി ചെയ്യിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. പുതിയ ആനകൾ ഈ മേഖലയിലേക്ക് വരാത്തത് സ്ഥിതി കൂടുതൽ വഷളാക്കുന്നു.