നൊബേൽ സമാധാന പുരസ്കാരം ലഭിക്കാത്തതിന്റെ നിരാശയ്ക്കിടെ പുലിറ്റ്സർ പുരസ്കാരത്തിനും അവകാശവാദമുന്നയിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒട്ടേറെ യുദ്ധങ്ങൾ അവസാനിപ്പിച്ചെന്ന് അവകാശപ്പെട്ടാണ് ട്രംപ് നൊബേൽ സമാധാന പുരസ്കാരത്തിനായി വാദിച്ചത്. പുരസ്കാരം ലഭിക്കാത്തതിലുള്ള അതൃപ്തി അദ്ദേഹം പലതവണ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.
Also Read: അറ്റ്ലാന്റിക് സമുദ്രത്തിന്റെ പേര് മാറ്റണമെന്ന് ട്രംപ്; പറ്റില്ലെന്ന് സുന്ദര്‍ പിച്ചെ
സൗത്ത് കരോലിനയിൽ നടന്ന റാലിക്കിടെയാണ് ട്രംപ് പുലിറ്റ്സർ പുരസ്കാരത്തിനും അവകാശവാദമുന്നയിച്ചത്. ഇതോടെ സമൂഹമാധ്യമങ്ങളിൽ യുഎസ് പ്രസിഡന്റിനെതിരെ പരിഹാസപ്രതികരണങ്ങൾ ശക്തമായി. ‘എനിക്ക് നൊബേൽ കിട്ടിയില്ല, പുലിറ്റ്സർ കിട്ടിയില്ല. എന്റെ എഴുത്തിന് പുലിറ്റ്സർ കിട്ടേണ്ടതായിരുന്നു’ എന്നാണ് പെൻഡിൽട്ടണിലെ ടി. എഡ് ഗാരിസൺ അരീനയിൽ നടന്ന റാലിക്കിടെ ട്രംപ് പറഞ്ഞത്.
Also Read: 'ചോദ്യം ചെയ്താല്‍ വിദേശ ചാരന്?' ബിജെപിക്കെതിരെ അണ്ണാമലൈ
അതേസമയം, റഷ്യൻ അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾക്ക് പുലിറ്റ്സർ ലഭിച്ച മാധ്യമപ്രവർത്തകരെ അദ്ദേഹം വിമർശിച്ചു. അവരുടെ റിപ്പോർട്ടുകളെല്ലാം വസ്തുതാപരമായി തെറ്റായിരുന്നുവെന്നും ട്രംപ് ആരോപിച്ചു. നൊബേലിനു പിന്നാലെ പുലിറ്റ്സർ പുരസ്കാരവും ചർച്ചയായതോടെ വിഷയം സൈബറിടവും ഏറ്റെടുത്തു.
ട്രംപിനെ പരിഹസിച്ച് നിരവധി പ്രതികരണങ്ങളാണ് പ്രത്യക്ഷപ്പെട്ടത്. കുട്ടികൾക്ക് വായിക്കാൻ കൊള്ളാവുന്ന ഒരു പുസ്തകം പോലും എഴുതാൻ കഴിയാത്തയാളാണ് പുലിറ്റ്സർ ആഗ്രഹിക്കുന്നതെന്നായിരുന്നു ഒരാളുടെ കമന്റ്. ട്രംപ് ഉപയോഗിക്കുന്ന ഇംഗ്ലിഷ് വാക്കുകളുടെയും വാക്യങ്ങളുടെയും അർഥം മനസ്സിലാക്കാൻ പോലും സെർച്ച് ചെയ്യേണ്ടിവരുമെന്നായിരുന്നു മറ്റൊരു പ്രതികരണം.
ട്രംപിന്റെ നയങ്ങളെയും നടപടികളെയും വിമർശനാത്മകമായി പരിശോധിച്ച റിപ്പോർട്ടുകൾക്കും 2026-ലെ പുലിറ്റ്സർ പുരസ്കാരം ലഭിച്ചു. ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളുടെ സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിങ്ങിനാണ് ‘ദ വാഷിങ്ടൺ പോസ്റ്റിന്’ പുരസ്കാരം ലഭിച്ചത്. ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുകൊണ്ടുവരാൻ സഹായിച്ച അന്വേഷണാത്മക റിപ്പോർട്ടുകൾക്ക് ‘ദ വാൾസ്ട്രീറ്റ് ജേണലും’ അംഗീകാരം നേടി.