വധശിക്ഷ തല്‍സമയ സംപ്രേഷണം ചെയ്യാനുള്ള  പെന്‍റഗണ്‍ തീരുമാനം റദ്ദാക്കി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും മനുഷ്യാവകാശ സംഘടനകളില്‍ നിന്നുമുള്‍പ്പെടെ ശക്തമായ എതിര്‍പ്പുയര്‍ന്നതോടെയാണ് ട്രംപിന്‍റെ ഇടപെടല്‍. 13 പേരുടെ ജീവനെടുത്ത സൈനിക ഉദ്യോഗസ്ഥന്‍ നിദാൽ ഹസന്റെ ശിക്ഷ മുന്‍നിശ്ചയപ്രകാരം ഡിസംബര്‍ മൂന്നിനുതന്നെ നടപ്പാക്കുമെന്ന് ട്രംപ് വ്യക്തമാക്കി.

2009ൽ ടെക്സസിലെ ഫോർട്ട് ഹുഡ് സേനാതാവളത്തിൽ വെടിവയ്പു നടത്തി 13 പേരുടെ ജീവനെടുത്ത കേസിലാണ് നിദാൽ ഹസന്  വധശിക്ഷ വിധിച്ചത്. വിധി നടപ്പാക്കുന്നത് തല്‍സമയ സംപ്രേഷണം ചെയ്യാന്‍ തീരുമാനിച്ചതായി ടെലിവിഷന്‍ അഭിമുഖത്തില്‍  പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്താണ് പ്രഖ്യാപിച്ചത്.  ഇതിനെതിരെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും റിപ്പബ്ളിക്കന്‍ പാര്‍ട്ടി നേതാക്കളും മനുഷ്യാവകാശ സംഘടനകളും കത്തോലിക്ക സഭയും ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തി. തുടര്‍ന്നാണ് പ്രതിരോധ സെക്രട്ടറിയുടെ പ്രഖ്യാപനം പ്രസിഡന്‍റ് തിരുത്തിയത്. 

വധശിക്ഷ സംപ്രേഷണം ചെയ്താല്‍  തീവ്രവാദികള്‍ക്കും കൊടും കുറ്റവാളികള്‍ക്കുമെതിരായ അമേരിക്കയുടെ നിലപാട് ലോകത്തിന് കാണിച്ചുകൊടുക്കാമായിരുന്നു. എന്നാല്‍, വധശിക്ഷ കാണാന്‍ പല നല്ല മനുഷ്യരും ആഗ്രഹിക്കുന്നില്ല. അതിലാണ് തീരുമാനം തിരുത്തുന്നെന്ന് ട്രംപ്  ട്രൂത്ത് സോഷ്യലില്‍ വ്യക്തമാക്കി.  ശിക്ഷ നടപ്പാക്കുന്നതില്‍ മാറ്റമില്ലെന്നും ഫയറിംഗ് സ്‌ക്വാഡ് മുഖേന വെടിവയ്പിലൂടെ ശിക്ഷ നടപ്പാക്കുമെന്നും ട്രംപ് വ്യക്തമാക്കി.  പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ തീരുമാനം ട്രംപിനോ അദ്ദേഹത്തിന്റെ ഉപദേശകർക്കോ അറിവില്ലായിരുന്നുവെന്നാണ വൈറ്റ് ഹൗസ് അധികൃതര്‍ പറയുന്നത്. 

ENGLISH SUMMARY:

U.S. President Donald Trump has overturned a Pentagon decision to broadcast the live execution of former military officer Nidal Hasan. The decision to cancel the broadcast came following intense backlash from Republican Party leaders, human rights organizations, Vice President J.D. Vance, and the Catholic Church. Trump clarified via Truth Social that while broadcasting might demonstrate America’s tough stance against terrorists, many good people prefer not to watch an execution. However, the scheduled execution date of December 3 remains unchanged, and Hasan will still be executed by a firing squad as planned.