Image Credit: AP
'അറ്റ്ലാന്റിക് സമുദ്ര'ത്തിന്‍റെ പേര് ഗൂഗിള്‍ മാപ്പില്‍ 'അമേരിക്കന്‍ സമുദ്ര'മെന്നാക്കി മാറ്റാന്‍ താന്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെയോട് ആവശ്യപ്പെട്ടിരുന്നുവെന്നും പക്ഷേ അദ്ദേഹം തന്‍റെ ആവശ്യം നിരസിച്ചുവെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സൗത്ത് കാരലീനയില്‍ ഇന്നലെ നടന്ന റാലിക്കിടെയാണ് താന്‍ ഗൂഗിളിന് മുന്നില്‍ വച്ച ആവശ്യം നിരസിക്കപ്പെട്ട വിവരം ട്രംപ് വെളിപ്പെടുത്തിയത്. പേര് മാറ്റിയിരുന്നുവെങ്കില്‍ യൂറോപ്യന്‍ നേതാക്കളുടെ പ്രതികരണം എന്താകുമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
സുന്ദര്‍ പിച്ചെയോട് സംസാരിച്ച ശേഷം സമുദ്രത്തിന്‍റെ പേര് മാറ്റാനുള്ള നീക്കം താന്‍ ഉപേക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അമേരിക്കയിലുള്ള ഉപഭോക്താക്കള്‍ക്ക് വേണ്ടി ഗള്‍ഫ് ഓഫ് മെക്സികോയുടെ പേര് 'ഗള്‍ഫ് ഓഫ് അമേരിക്ക'യെന്ന് മാറ്റാന്‍ ഗൂഗിള്‍ തീരുമാനിച്ചിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു.
സുന്ദര്‍ പിച്ചെ ഒരു മിടുക്കനാണെന്നും ബുദ്ധിമാനാണെന്നും ട്രംപ് പ്രശംസിച്ചു. ഗൂഗിളിന്‍റെ സഹസ്ഥാപകന്‍ സെര്‍ജി ബ്രിനിന്‍റെ നേതൃത്വത്തെയും ട്രംപ് പുകഴ്ത്തി. 'അറ്റാലാന്‍റിക് സമുദ്രത്തിന്‍റെ പേര് ഞാന്‍ മാറ്റുന്നു. നിങ്ങള്‍ ഗൂഗിള്‍ മാപ്പില്‍ മാറ്റുമോ എന്ന് ഞാന്‍ ചോദിച്ചു. ഇല്ല, ഒരിക്കലും ചെയ്യില്ല. അത് ചെയ്യാന്‍ കഴിയില്ല. സമുദ്രങ്ങളുടെ കാര്യം വ്യത്യസ്തമാണ് സര്‍. നിങ്ങള്‍ക്കറിയാമല്ലോ, ഒരുപാട് രാജ്യങ്ങളെ ചുറ്റിയാണ് അതുള്ളത്. അത് ചെയ്യാന്‍ പറയരുത്'- എന്നായിരുന്നു സുന്ദര്‍പിച്ചെ പറഞ്ഞതായി ട്രംപ് വെളിപ്പെടുത്തിയത്.
പിച്ചെയുമായുള്ള സംസാരത്തിന് ശേഷം അറ്റ്ലാന്റിക് സമുദ്രത്തിന്‍റെ പേര് എന്നാല്‍ അങ്ങനെ തന്നെ ഇരുന്നോട്ടെയെന്ന് താന്‍ തീരുമാനിച്ചുവെന്നും പക്ഷേ പസഫിക് സമുദ്രത്തെ താന്‍ അമേരിക്കന്‍ സമുദ്രമെന്ന് വിളിക്കാന്‍ പോകുകയാണെന്നും ട്രംപ് പറഞ്ഞു. യൂറോപ്പിന് ഇക്കാര്യത്തില്‍ സന്തോഷമാകുമെന്നും യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്‍റ് തന്നെ വിളിച്ച് നന്ദി അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് തമാശരൂപേണെ പറഞ്ഞു.