നൈജീരിയയിലെ തെക്കന്‍ ഒന്‍ഡോയില്‍ സൈനികവിമാനം തകര്‍ന്ന് 25 പേര്‍ കൊല്ലപ്പെട്ടു. 20 വ്യോമസേനാംഗങ്ങളും 5 വിമാനജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരും കൊല്ലപ്പെട്ടുവെന്ന് നൈജീരിയന്‍ വ്യോമസേന സ്ഥിരീകരിച്ചു. ദുരന്തത്തെത്തുടര്‍ന്ന് പ്രസിഡന്‍റ് ബോല തിനുബു രാജ്യത്ത് മൂന്നുദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു.
ലാഗോസിലേക്കുള്ള പതിവ് പറക്കലിനിടയിലായിരുന്നു ദുരന്തം. എടിആര്‍–42 ഇനത്തില്‍പ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. നിരീക്ഷണത്തിനും വിവരശേഖരണത്തിനും സൈനികവിന്യാസത്തിനുമാണ് നൈജീരിയ ഈ വിമാനം ഉപയോഗിച്ചിരുന്നത്. പറന്നുയര്‍ന്ന് അധികം വൈകാതെ റഡാറില്‍ നിന്ന് അപ്രത്യക്ഷമായ വിമാനം ഇഗ്ബൊഡോക പട്ടണത്തിനടുത്തുള്ള നേവല്‍ ബേസിന് സമീപം നദിക്കരയില്‍ തകര്‍ന്നുവീണ നിലയില്‍ കണ്ടെത്തുകയായിരുന്നു.
വിമാനത്തില്‍ 32 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് അപകടമുണ്ടായതിന് തൊട്ടുപിന്നാലെ നൈജീരിയന്‍ വ്യോമയാന മന്ത്രി ഫെസ്തസ് കെയാമോ പറഞ്ഞത്. എന്നാല്‍ വ്യോമസേന പിന്നീട് ഇത് തിരുത്തി പ്രസ്താവനയിറക്കി. അപകടകാരണം കണ്ടെത്താന്‍ പ്രസിഡന്‍റ് തിനുബു വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശുപാര്‍ശകള്‍ നല്‍കാനും അന്വേഷണ സംഘത്തോട് അദ്ദേഹം നിര്‍ദേശിച്ചു.