പാക്കിസ്ഥാന്‍ ഇന്റർനാഷണൽ എയർലൈൻസ് കാബിന്‍ ക്രൂവിനായി പുതിയ യൂണിഫോം പുറത്തിറക്കിയതിനു പിന്നാലെ സോഷ്യല്‍മീഡിയയില്‍ കടുത്ത വിമര്‍ശനവും ട്രോളും. സെപ്റ്റംബര്‍ 16ന് 9 ഡിസൈനര്‍മാര്‍ പങ്കെടുത്ത ഫാഷന്‍ ഷോയിലാണ് പുതിയ യൂണിഫോം അവതരിപ്പിച്ചത്. എന്നാല്‍ വിമാനങ്ങളുടെ പരിതാപകരമായ അവസ്ഥ മെച്ചപ്പെടുത്തിയിട്ട് പോരേ ഈ യൂണിഫോം മാറ്റം എന്നാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്ന ചോദ്യം.
വിമാനങ്ങളുടെ അവസ്ഥ, സേവനനിലവാരം, കൃത്യനിഷ്ഠ എന്നിവ മെച്ചപ്പെടുത്തുന്നതിന് പകരം യൂണിഫോം മാറ്റാൻ പണം ചെലവഴിക്കുന്നതിനെയാണ് ജനങ്ങള്‍ ചോദ്യം ചെയ്യുന്നത്. വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താനും സർവീസുകൾ സമയബന്ധിതമാക്കാനും ശ്രദ്ധിക്കാതെ വെറുമൊരു വസ്ത്രമാറ്റം കൊണ്ട് എയർലൈൻസിന്റെ അവസ്ഥ മാറില്ലെന്നും ഉപയോക്താക്കള്‍ അഭിപ്രായപ്പെടുന്നു.
കമ്പനിയുടെ പേരും സേവനവും മെച്ചപ്പെടുത്താന്‍ ശ്രദ്ധിക്കൂ, യൂണിഫോമിലൂടെ മോശം അവസ്ഥ മറച്ചുവെക്കാനാകില്ലെന്ന് ഒരു ഉപയോക്താവ് കുറിക്കുന്നു. കൃത്യനിഷ്ഠയും നല്ല യാത്രയും ഉറപ്പാക്കുന്നതിനേക്കാൾ മുൻഗണന ഇത്തരം ഫാഷൻ ഷോകൾക്ക് നൽകുന്നത് സമ്പത്തും സമയവും വിഭവവും പാഴാക്കുന്നതിനു തുല്യമാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. അതേസമയം തന്നെ പുതിയ യൂണിഫോമിനെതിരേയും ആളുകള്‍ പ്രതികരിക്കുന്നുണ്ട്. പാക് സംസ്കാരത്തെ ശരിയായി പ്രതിനിധീകരിക്കുന്നില്ലെന്നും രാജ്യാന്തരതലത്തില്‍ വിശാലമായ കാഴ്ചപ്പാട് പുലര്‍ത്തണമെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.
കാലങ്ങളായി നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന എയർലൈൻസിന്‍റെ 75 ശതമാനം ഓഹരികൾ ആരിഫ് ഹബീബ് കോർപ്പറേഷൻ നേതൃത്വം നൽകിയ കൺസോർഷ്യം വാങ്ങിയതിനു തൊട്ടുപിന്നാലെയാണ് ഈ പുതിയ വിവാദം. പേരും രൂപവും മാറ്റുന്നതിലുപരി യാത്രക്കാർക്ക് മെച്ചപ്പെട്ട അനുഭവം നൽകാൻ എയർലൈൻ കമ്പനി എന്ന് തയാറാകുമെന്നാണ് പൊതുജനങ്ങളുടെ ചോദ്യം.