ഇറ്റലിയിലെ സ്കൂളുകളിൽ ബുർഖയും നിഖാബും നിരോധിക്കാനും, ക്ലാസ് മുറികളിലെ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിന് നിശ്ചിത പരിധി നിശ്ചയിക്കാനും ലക്ഷ്യമിട്ടുള്ള പുതിയ നിയമനിർമ്മാണം ഉടൻ ഘടകസഭകളിൽ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി ജോർജിയ മെലോനി. റോമിൽ സംഘടിപ്പിച്ച തന്‍റെ രാഷ്ട്രീയ പാർട്ടിയായ 'ബ്രദേഴ്സ് ഓഫ് ഇറ്റലി'യുടെ യുവജന വിഭാഗത്തിന്റെ ദേശീയ സമ്മേളനത്തിൽ സംസാരിക്കവെയാണ് അവർ ഈ നിർണായക പ്രഖ്യാപനം നടത്തിയത്. സ്കൂൾ അന്തരീക്ഷവുമായി ചേർന്നുപോകാൻ പ്രയാസപ്പെടുന്ന വിദേശ വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് ഇറ്റാലിയൻ ഭാഷാ പഠനം നിർബന്ധമാക്കുന്ന വ്യവസ്ഥയും ഈ പുതിയ ബില്ലിൽ ഉൾപ്പെടുത്തുമെന്ന് മെലോനി വ്യക്തമാക്കി.
ഇറ്റലിയിലേക്ക് വരുന്നവര്‍ ഇറ്റാലിയൻ ഭാഷ പഠിക്കുകയും സംസ്കാരം മനസ്സിലാക്കുകയും നിയമങ്ങളെ ബഹുമാനിക്കുകയും ചെയ്യേണ്ടതുണ്ടെന്നും, വിദേശികളെ രാജ്യത്തേക്ക് സ്വീകരിക്കുന്നതിനുള്ള ഒരേയൊരു ഗൗരവകരമായ മാർഗ്ഗം ഇതാണെന്നും മെലോനി പറഞ്ഞു. പൂർണ്ണമായും ശരീരം മറയ്ക്കുന്ന ബുർഖയും, കണ്ണുകൾ മാത്രം പുറത്തുകാണുന്ന നിഖാബും സ്കൂളുകളിൽ നിരോധിക്കുമെന്ന് വ്യക്തമാക്കിയെങ്കിലും, തലമുടി മാത്രം മറയ്ക്കുന്ന ഹിജാബിനെക്കുറിച്ച് മെലോണി പരാമർശിച്ചില്ല. വരുന്ന വർഷം പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ജനപ്രീതി വർദ്ധിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് തീവ്ര വലതുപക്ഷ പശ്ചാത്തലമുള്ള മെലോണി ഭരണകൂടത്തിന്റെ ഈ പുതിയ നയരൂപീകരണം.
സർക്കാർ അംഗീകാരം നൽകിക്കഴിഞ്ഞാൽ, ഈ പുതിയ നിർദ്ദേശങ്ങൾ നിയമമായി മാറുന്നതിനായി 60 ദിവസത്തിനകം ഇറ്റാലിയൻ പാർലമെന്റിന്റെ അംഗീകാരം നേടേണ്ടതുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം തുടർച്ചയായി ഏറ്റവും കൂടുതൽ കാലം ഭരണം പൂർത്തിയാക്കുന്ന ഇറ്റാലിയൻ സർക്കാരാണ് ജോർജിയ മെലോനിയുടെ നേതൃത്വത്തിലുള്ള കൺസർവേറ്റീവ് ഭരണകൂടം. കുടിയേറ്റ വിഷയങ്ങളിൽ എന്നും കടുത്ത നിലപാട് പുലർത്തുന്ന മെലോണിയുടെ പുതിയ പ്രഖ്യാപനം രാജ്യത്തിനകത്തും യൂറോപ്യൻ യൂണിയനിലും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.