ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി തനിക്കൊപ്പം ചിത്രമെടുക്കാന്‍ യാചിച്ചു എന്ന യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ വാദം വിവാദത്തില്‍. ആരോപണത്തിന് മെലോണി മറുപടിയുമായി വന്നതോടെ യുഎസ്–ഇറ്റലി നയതന്ത്ര ബന്ധം വീണ്ടും ഉലച്ചിലിലായി.
ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾ പൂർണ്ണമായും കെട്ടച്ചമച്ചതാണെന്ന് മെലോണി പറഞ്ഞു. യു.എസ് പ്രസിഡന്റ് എന്തിനാണ് സ്വന്തം സഖ്യകക്ഷികളോട് ഇത്തരത്തിൽ പെരുമാറുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. പാശ്ചാത്യ രാജ്യങ്ങളുടെ ശത്രുക്കളായ മറ്റ് രാഷ്ട്രത്തലവന്മാരോട് കാണിക്കുന്ന മൃദുസമീപനം സ്വന്തം സഖ്യകക്ഷികളോട് ട്രംപ് കാണിക്കുന്നില്ല എന്നത് നിരാശാജനകമാണ്. ഒരു കാര്യം അദ്ദേഹം ഓർക്കണം, ഞാനോ ഇറ്റലിയോ ആരുടെയും മുന്നിൽ കെഞ്ചാറില്ല, മെലോണി പറഞ്ഞു.
ഇറ്റാലിയൻ ചാനലായ 'La7'-ന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. 'അവർക്ക് എന്നോടൊപ്പം ഒരു ഫോട്ടോ എടുക്കാൻ അത്രയധികം ആഗ്രഹമുണ്ടായിരുന്നു. എനിക്ക് അവരോട് പാവം തോന്നിയത് കൊണ്ടാണ് ഞാൻ അതിന് സമ്മതിച്ചത്. എന്നോട് സംസാരിക്കാൻ കഴിഞ്ഞതിൽ അവർക്ക് സന്തോഷം കാണും, എന്നാൽ അവരോട് സംസാരിക്കാൻ എനിക്ക് യാതൊരു നിർബന്ധവുമില്ലായിരുന്നു,' എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. ഇതിന് പിന്നാലെ ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്റോണിയോ തയാനി അടുത്ത ആഴ്ച നടത്താനിരുന്ന അമേരിക്കൻ സന്ദർശനം റദ്ദാക്കി. ട്രംപിന്റെ വാക്കുകൾ ഇറ്റലിയെയാകെ അപമാനിക്കുന്നതാണെന്ന് തയാനി പറഞ്ഞു.
യൂറോപ്പിലെ ട്രംപിന്റെ ഏറ്റവും വലിയ പിന്തുണക്കാരിയായിരുന്നു മെലോണി. 2025-ൽ ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത ഏക യൂറോപ്യൻ നേതാവും മെലോണിയായിരുന്നു. എന്നാൽ ഇറാൻ സംഘർഷത്തെ അപലപിച്ച ലിയോ മാർപ്പാപ്പയെ ട്രംപ് വിമർശിച്ചതോടെ ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ജി7 ഉച്ചകോടിയില്‍ ട്രംപും മെലോണിയും അടുത്തിരുന്ന് സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വഷളായിരുന്ന ബന്ധം മെച്ചപ്പെടുകയാണെന്ന വിയിരുത്തലുകള്‍ വന്നിരുന്നു. എന്നാല്‍ പുതിയ സംഭവവികാസങ്ങള്‍ നയതന്ത്രബന്ധത്തില്‍ വീണ്ടും വിള്ളല്‍ വീഴ്ത്തിയിരിക്കുകയാണ്.