rat-in-noodles

TOPICS COVERED

പാഴ്സലായി വാങ്ങിയ ഭക്ഷണത്തില്‍ ജീവനുള്ള എലിക്കുഞ്ഞ്. ഹോങ്കോങ്ങിലെ ‘വാ ജെർ’ റസ്റ്ററന്റിൽ നിന്ന് വാങ്ങിയ ഭക്ഷണപ്പൊതിയിലാണ് ചുവന്ന നിറത്തില്‍ രോമങ്ങളില്ലാത്ത, കണ്ണ് പോലും തുറക്കാത്ത എലിക്കുഞ്ഞിനെ കണ്ടെത്തിയത്. സംഭവത്തിന്റെ നടുക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രാദേശിക ആരോഗ്യവകുപ്പ് റസ്റ്ററന്റിനെതിരെ അന്വേഷണം ആരംഭിച്ചു.

തിങ്കളാഴ്ച $5.40 (ഏകദേശം 450 രൂപ) വിലമതിക്കുന്ന ബീഫ് റൈസ് നൂഡിൽസ് വാങ്ങി വീട്ടിലെത്തിയ ഉപഭോക്താവിനാണ് ഈ ദുരനുഭവമുണ്ടായത്. സോസിനടുത്ത് എലിക്കുഞ്ഞ് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നതും കൈകാലുകൾ ഇളക്കുന്നതും കണ്ട വീട്ടുകാർ ഉടൻ തന്നെ ദൃശ്യങ്ങൾ പകർത്തി ഫുഡ് ആൻഡ് എൻവയോൺമെന്റൽ ഹൈജീൻ ഡിപ്പാർട്ട്‌മെന്റിന് പരാതി നൽകുകയായിരുന്നു.

പരാതി ഉയർന്നതിന് പിന്നാലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഭക്ഷണം സാംപിളുകൾ ശേഖരിച്ചു. റസ്റ്ററന്റിൽ നടത്തിയ പരിശോധനയിൽ ശുചിത്വനിലവാരം വളരെ പരിതാപകരമാണെന്ന് കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി. ഭക്ഷണം പാകം ചെയ്യുന്ന സ്ഥലം, പാക്കിങ്, സംഭരണം, വിതരണം എന്നീ ഘട്ടങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

അതേസമയം, സംഭവത്തിൽ റസ്റ്ററന്റ് ഉടമ ഞെട്ടൽ രേഖപ്പെടുത്തി. വാ സിങ് ഇൻഡസ്ട്രിയൽ ബിൽഡിങ്ങിൽ ഒരു വർഷത്തിലേറെയായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ഇതുവരെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് മാനേജ്മെന്റിന്റെ വാദം. പ്രദേശത്ത് എലികളുടെ ശല്യം ഉണ്ടെങ്കിലും മാസംതോറും കൃത്യമായി റസ്റ്ററന്റിൽ ശുചീകരണം നടത്താറുണ്ടെന്നും ഉടമ അവകാശപ്പെട്ടു.

ENGLISH SUMMARY:

A customer in Hong Kong was left horrified after discovering a live, hairless baby rat inside a takeaway parcel of beef rice noodles. The shocking video of the tiny rodent struggling to breathe near the sauce quickly went viral on social media, prompting an immediate investigation by the local health department. Following a formal complaint, food safety officials raided the 'Wah Jer' restaurant and collected food samples while noting substandard hygiene conditions. Although the restaurant management expressed shock and claimed to conduct regular pest control, authorities are thoroughly inspecting their food preparation and packaging standards.