pakistan-afghanisthan-closure

Ai Generated Image

പാക്കിസ്ഥാൻ–അഫ്ഗാനിസ്ഥാൻ അതിർത്തി അടച്ചിട്ടത് ഇരുരാജ്യങ്ങളുടെയും വ്യാപാരമേഖലയ്ക്ക് കനത്ത തിരിച്ചടിയാകുന്നു. അതിർത്തി അടച്ചതോടെ പാക്കിസ്ഥാന്റെ അഫ്ഗാനിസ്ഥാനിലേക്കുള്ള കയറ്റുമതിയും അഫ്ഗാനിലൂടെ മധ്യേഷ്യൻ രാജ്യങ്ങളിലേക്കുള്ള ചരക്കുനീക്കവും നിലച്ചിരിക്കുകയാണ്. ഇതോടെ പാക്കിസ്ഥാനി വ്യാപാരികൾക്ക് മാത്രം പ്രതിവർഷം 22,000 കോടിയിലധികം രൂപയുടെ വ്യാപാരനഷ്ടമുണ്ടാകുന്നതായാണ് റിപ്പോർട്ട്.

അതിർത്തി തർക്കത്തെ തുടർന്ന് 300 ദിവസത്തിലധികമായി പാക്കിസ്ഥാൻ–അഫ്ഗാനിസ്ഥാൻ അതിർത്തിയിലെ പ്രധാന വ്യാപാരപാതകൾ അടഞ്ഞുകിടക്കുകയാണ്. അതിർത്തിയുടെ ഇരുവശത്തും ഇരു രാജ്യങ്ങളിലേക്കുമുള്ള ചരക്കുലോറികൾ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. പാക്കിസ്ഥാനിലേക്കും പാക്കിസ്ഥാനിലൂടെ കറാച്ചി തുറമുഖം വഴിയും ആഗോള വിപണിയിലേക്കുമാണ് അഫ്ഗാനിസ്ഥാൻ വലിയൊരു പങ്ക് കയറ്റുമതി നടത്തിയിരുന്നത്. അതിർത്തി അടഞ്ഞതോടെ ഈ വ്യാപാരപാതകൾ തടസപ്പെട്ടു. ഉസ്ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ, കസാക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ തുടങ്ങിയ മധ്യേഷ്യൻ രാജ്യങ്ങളിലേക്കാണ് ഇപ്പോൾ അഫ്ഗാൻ വ്യാപാരികൾ കൂടുതൽ ആശ്രയിക്കുന്നത്.

അഫ്ഗാനിസ്ഥാനിലേക്കുള്ള പാക്കിസ്ഥാന്റെ കയറ്റുമതിയും അതിർത്തിയടച്ചതോടെ നിലച്ചു. പ്രതിവർഷം ശരാശരി 14,400 കോടി രൂപയുടെ ഉൽപന്നങ്ങളാണ് പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാനിലേക്ക് കയറ്റുമതി ചെയ്തിരുന്നത്. അഫ്ഗാനിസ്ഥാൻ വഴി മധ്യേഷ്യൻ രാജ്യങ്ങളിലേക്കും പാക്കിസ്ഥാനി വ്യാപാരികൾ ചരക്കുകൾ അയച്ചിരുന്നു. ഈ വ്യാപാരവും നിലച്ചതോടെ പ്രതിവർഷം ഏകദേശം 7,700 കോടി രൂപയുടെ വ്യാപാരം കൂടി തടസപ്പെട്ടു. ഇരു വിഭാഗങ്ങളിലെയും കണക്കുകൾ ചേർന്നാണ് വ്യാപാരനഷ്ടം 22,000 കോടി രൂപയ്ക്ക് മുകളിലെത്തുന്നത്.

അഫ്ഗാനിസ്ഥാനിലെ നൻഗർഹാറിലുള്ള തോർഖാം, കാണ്ഡഹാറിലെ സ്പിൻ ബോൽഡക്–ചമൻ, പാക്ടിയയിലെ ഖർലച്ചി, അങ്കൂർ ആഡ, ഖോസ്തിലെ ഗുലം ഖാൻ തുടങ്ങിയ പ്രധാന അതിർത്തി ചെക്ക്പോസ്റ്റുകളാണ് അടഞ്ഞുകിടക്കുന്നത്. വ്യാപാരമേഖലയെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന്റെ ഇരയാക്കരുതെന്നും അതിർത്തികൾ ഉടൻ തുറക്കണമെന്നും അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ഡയറക്ടർ ബോർഡ് അംഗം ഖാൻ ജാൻ അലോകോസായ് ആവശ്യപ്പെട്ടു. ചരക്കുനീക്കം നിലച്ചതോടെ ആയിരക്കണക്കിന് ട്രക്ക് ഡ്രൈവർമാരുടെയും മറ്റ് തൊഴിലാളികളുടെയും ഉപജീവനവും പ്രതിസന്ധിയിലായിരിക്കുകയാണ്.

പാക്കിസ്ഥാൻ വഴിയുള്ള വ്യാപാരപാത അടഞ്ഞത് അഫ്ഗാനിസ്ഥാന്റെ ഇന്ത്യയുമായുള്ള വ്യാപാരത്തെയും ബാധിച്ചിട്ടുണ്ട്. പഴങ്ങൾ, പച്ചക്കറികൾ, ഡ്രൈ ഫ്രൂട്സ്, ഔഷധച്ചെടികൾ, മറ്റ് കാർഷികോൽപന്നങ്ങൾ എന്നിവ പാക്കിസ്ഥാനിലൂടെ ഇന്ത്യയിലേക്ക് കയറ്റി അയച്ചിരുന്ന അഫ്ഗാൻ വ്യാപാരികൾക്ക് ഇപ്പോൾ ബദൽ മാർഗങ്ങൾ തേടേണ്ടിവരുന്നു. ഇതോടെ ചരക്കുനീക്കത്തിനുള്ള ചെലവും വർധിച്ചു. നേരത്തെ ഒരു ചാക്ക് അരിക്ക് 2,500 അഫ്ഗാനി ചെലവായിരുന്നെങ്കിൽ ഇപ്പോൾ 3,500 അഫ്ഗാനിക്ക് മുകളിലെത്തിയെന്ന് കാബൂളിലെ വ്യാപാരി അബ്ദുൽ ഹാദി പറയുന്നു.

അതിർത്തി അടച്ചിടൽ നീണ്ടുനിൽക്കുന്നത് ഇരുരാജ്യങ്ങളിലെയും വ്യാപാരികളെ മാത്രമല്ല, പ്രാദേശിക വിതരണശൃംഖലയെയും മധ്യേഷ്യയിലേക്കുള്ള ചരക്കുനീക്കത്തെയും ബാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ENGLISH SUMMARY:

The prolonged closure of the Pakistan-Afghanistan border has severely disrupted bilateral trade and regional commerce. Pakistani traders are suffering an annual loss exceeding 22,000 crore rupees due to halted exports to Afghanistan and blocked transit routes to Central Asian nations. Major trade crossings like Torkham and Spin Boldak have remained shut for over 300 days amid ongoing territorial disputes. Furthermore, this blockade has impacted Afghan agricultural exports to India and escalated transportation costs for local merchants.