ബൈജൂസിന്‍റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേണിന്‍റെ (ടിഎൽപിഎൽ) ഏകദേശം 150 കോടി രൂപ വിലമതിക്കുന്ന ആസ്തികള്‍ വെറും 16 കോടി രൂപയ്ക്ക് ലേലം ചെയ്ത നടപടി തൽക്കാലം മരവിപ്പിച്ച് നാഷനൽ കമ്പനി ലോ ട്രൈബ്യൂണൽ (എൻസിഎൽടി) ബെംഗളൂരു ബെഞ്ച്. സെപ്റ്റംബർ 21ന് കേസ് വീണ്ടും പരിഗണിക്കുന്നതുവരെയാണ് ലേലനടപടികള്‍ മരവിപ്പിച്ചത്.
ലേലം നടത്തിയ റെസല്യൂഷൻ പ്രഫഷനൽ ശൈലേന്ദ്ര അജ്മേറയോടും സാധനങ്ങൾ ലേലത്തിൽ ആസ്തി സ്വന്തമാക്കിയ കോംപ്രിന്റ് ടെക് സൊല്യൂഷൻസിനോടും നിലവിലെ സ്ഥിതിയിൽ തന്നെ ആസ്തികൾ സൂക്ഷിക്കാനും ട്രൈബ്യൂണൽ നിർദേശിച്ചു. ലേലത്തിൽ സ്വന്തമാക്കിയ സാധനങ്ങൾ നിലവിൽ എവിടെയാണെന്നും അവയുടെ വിശദാംശങ്ങളും ചിത്രങ്ങളും സഹിതം ഹാജരാക്കാനും കോംപ്രിന്റിനോട് എൻസിഎൽടി ആവശ്യപ്പെട്ടു. ബൈജൂസിന്‍റെ ഉപസ്ഥാപനവും പാപ്പരത്ത നടപടി നേരിടുന്ന കമ്പനിയുമായ കെ3 എഡ്യുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് സമർപ്പിച്ച ഹർജിയാണ് എൻസിഎൽടി പരിഗണിക്കുന്നത്.
വെറും നാല് ദിവസംകൊണ്ട് ധൃതിപിടിച്ച് ആസ്തികൾ ലേലം ചെയ്തതിന്‍റെ യുക്തി മനസിലാകുന്നില്ലെന്നാണ് ഹർജിക്കാരുടെ വാദം. ഉടമസ്ഥാവകാശം തെളിയിക്കേണ്ട ചില ആസ്തികളും മൂന്നാംകക്ഷിയുടെ വസ്തുക്കളും ലേലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി ആരോപിച്ചു. പാപ്പരത്ത നടപടികൾക്ക് പരിഹാരമാകാൻ സഹായിക്കുന്ന സുപ്രധാന ആസ്തികളാണ് ഇത്തരത്തിൽ നിസാര വിലയ്ക്ക് ലേലം ചെയ്തതെന്നും ഹർജിക്കാർ വാദിച്ചു. ഈ ആസ്തികളുടെ ഉടമസ്ഥാവകാശം തെളിയിക്കാൻ സഹായിക്കുന്ന 2024 ഡിസംബർ മുതലുള്ള ആസ്തി വിവര രേഖകൾ റെസല്യൂഷൻ പ്രഫഷനൽ ട്രൈബ്യൂണലിൽ ഹാജരാക്കിയിട്ടില്ലെന്നും അവർ ആരോപിച്ചു.
എന്നാൽ, ബൈജൂസിന്‍റെ നിയമാനുസൃതമായ ആസ്തികൾ തന്നെയാണ് ലേലത്തിൽ വിറ്റതെന്നും നടപടിക്ക് കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്സിന്‍റെ അംഗീകാരമുണ്ടായിരുന്നെന്നും റെസല്യൂഷൻ പ്രഫഷനൽ വാദിച്ചു. അതേസമയം, ആസ്തികൾ സ്വന്തമാക്കിയ കോംപ്രിന്റ് ടെക് സൊല്യൂഷൻസിനെക്കുറിച്ചും ഹർജിക്കാർ സംശയം ഉന്നയിച്ചു. കമ്പനിയുടെ രജിസ്റ്റേഡ് അഡ്രസായി കാണിച്ചിരിക്കുന്ന കെട്ടിടത്തിന്‍റെ നിർമാണം ഇതുവരെ പൂർത്തിയായിട്ടില്ലെന്നും അവിടെ പലതവണ സന്ദർശിച്ചപ്പോഴും കെട്ടിടം പൂട്ടിക്കിടക്കുന്നതായാണ് കണ്ടതെന്നും ഹർജിക്കാർ ആരോപിച്ചു. സെപ്റ്റംബർ 21ന് എൻസിഎൽടി കേസ് വീണ്ടും പരിഗണിക്കും.