ഇലക്ട്രോണിക്സ് ഷോപ്പിൽ പ്രദർശിപ്പിച്ചിരുന്ന ഹ്യൂമനോയിഡ് റോബോട്ടിനെ തള്ളിയ ഉപഭോക്താവിന് ഉപദ്രവിക്കാന്‍ ശ്രമിച്ച് റോബോട്ട്. റഷ്യയില്‍ കാലുയർത്തി ഉപഭോക്താവിനെ ചവിട്ടാൻ ആഞ്ഞ റോബോട്ടിന്റെ വിഡിയോ എക്സിൽ പ്രചരിക്കുകയാണ്. സയൻസ് ഫിക്ഷൻ സിനിമയായ 'ടെർമിനേറ്ററി'ലെ രംഗങ്ങളെ ഓർമ്മിപ്പിക്കുന്നതാണ് ഈ ദൃശ്യങ്ങളെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
കറുത്ത ടി-ഷർട്ട് ധരിച്ചൊരാൾ കടയിൽ വച്ച് റോബോട്ടിനെ മുന്നോട്ട് തള്ളുന്നതാണ് വിഡിയോയുടെ തുടക്കത്തിലുള്ളത്. എന്നാൽ തൊട്ടുപിന്നാലെ റോബോട്ട് ഇയാളെ തിരിച്ചടിക്കാൻ എന്നവണ്ണം കാൽ മുന്നോട്ടേക്ക് വീശുകയായിരുന്നു. തുടർന്ന് റോബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും അതിനെ ഓഫ് ചെയ്യേണ്ടി വരികയും ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മനുഷ്യരോട് പ്രതികാരം ചെയ്യുന്ന റോബോട്ടുകളെക്കുറിച്ചുള്ള തമാശകളും പരിഹാസങ്ങളുമായി നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. അതേസമയം, ഇത് റോബോട്ടിന്റെ സ്വാഭാവിക പ്രതികരണമല്ലെന്നും, റിമോട്ട് കൺട്രോൾ ഉപയോഗിച്ച് മറ്റാരോ നിയന്ത്രിച്ചതാണെന്നും വാദിക്കുന്നവരും കുറവല്ല. സാങ്കേതികവിദ്യയുടെ വളർച്ചയാണോ അതോ മുൻകൂട്ടി പ്ലാൻ ചെയ്ത പ്രമോഷൻ സ്റ്റണ്ടാണോ ഇതെന്ന് സോഷ്യൽ മീഡിയയിൽ തർക്കം തുടരുകയാണ്.