modi-trump-g7-sailors-attack

TOPICS COVERED

ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നടത്തുന്ന സംയുക്ത മാധ്യമ കൂടിക്കാഴ്ചയിൽ വാർത്താസമ്മേളനം ഒഴിവാക്കാനും ചോദ്യങ്ങൾ ഉന്നയിക്കരുതെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നതായി വെളിപ്പെടുത്തല്‍. എന്നാൽ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ ഈ ധാരണ ട്രംപ് മറന്നുവെന്നും മാധ്യമപ്രവർത്തകരോട് ചോദ്യങ്ങളുണ്ടോ എന്ന് ചോദിക്കുകയായിരുന്നുവെന്നും ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ വെളിപ്പെടുത്തി. 

ഇക്കണോമിക് ടൈംസ് വേൾഡ് ലീഡേഴ്‌സ് ഫോറത്തിൽ സംസാരിക്കവേയാണ് യുഎസ് അംബാസഡർ സംഭവം പരസ്യമാക്കിയത്.  ഫ്രാൻസിലെ ഇവി യാൻ ലെ ബെൻസിൽ നടന്ന ജി7 ഉച്ചകോടിക്കിടെ ജൂൺ 17-നായിരുന്നു നരേന്ദ്ര മോദി - ഡൊണാൾഡ് ട്രംപ് ഉഭയകക്ഷി കൂടിക്കാഴ്ച നടന്നത്. മാധ്യമങ്ങളെ ഹാളിലേക്ക് പ്രവേശിപ്പിക്കാമെങ്കിലും ചോദ്യോത്തര വേള അടങ്ങിയ പൂർണ്ണമായ പ്രസ് കോൺഫറൻസ് സംഘടിപ്പിക്കരുതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മുൻകൂട്ടി അഭ്യർത്ഥിച്ചിരുന്നു. ഈ നിർദ്ദേശം ട്രംപിനോട് വ്യക്തമാക്കിയപ്പോൾ അദ്ദേഹം സമ്മതിച്ചിരുന്നതായും ഗോർ പറഞ്ഞു. 

എന്നാൽ ഇരുനേതാക്കളുടെയും പ്രാഥമിക പ്രസ്താവനകൾക്ക് ശേഷം 50-ഓളം ക്യാമറകൾക്ക് മുന്നിൽ വെച്ച് "ചോദ്യങ്ങൾ വല്ലതുമുണ്ടോ" എന്ന് ട്രംപ് പെട്ടെന്ന് മാധ്യമപ്രവർത്തകരോട് ചോദിക്കുകയായിരുന്നു. ഇതോടെ ഇതൊരു 45 മിനിറ്റ് നീണ്ട അപ്രതീക്ഷിത വാർത്താസമ്മേളനമായി മാറുകയും ചെയ്തു.  

അതേസമയം, യുഎസ് അംബാസഡറുടെ പരാമർശത്തിൽ വിശദീകരണവുമായി ഇന്ത്യൻ ഭരണകൂടം രംഗത്തെത്തി. വിവിഐപി സന്ദർശനങ്ങൾ നടക്കുമ്പോൾ പ്രോട്ടോക്കോൾ അനുസരിച്ചുള്ള ഇത്തരം പൊതുപരിപാടികളുടെ ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നത് സ്വാഭാവികമായ സാധാരണ നടപടിക്രമം മാത്രമാണെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. നിർണായകമായ ഈ കൂടിക്കാഴ്ചയിലാണ് ഹോർമുസ് കടലിടുക്കിൽ വെച്ച് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട വിഷയം ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിഷയങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്തത്. 

ENGLISH SUMMARY:

US Ambassador to India Sergio Gor revealed that the Indian Ministry of External Affairs had officially requested to avoid a formal press conference and questions during the joint media appearance of Prime Minister Narendra Modi and US President Donald Trump at the G7 summit. However, Trump forgot the agreement immediately after the meeting and unexpectedly asked reporters if they had any questions, turning the event into a 45-minute press briefing. In response to the remarks, central government sources clarified that discussing protocol arrangements for VVIP visits is a standard procedure. During this crucial bilateral meeting, both leaders also discussed international issues, including the incident involving Indian sailors in the Strait of Hormuz.