പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. ജന്തർമന്തർ സമരത്തിനിടെ പെൺകുട്ടികൾ അധിക്ഷേപ വാക്കുകൾ ഉപയോഗിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ 'കൾച്ചറൽ ഷോക്ക്' പരാമർശത്തെ രാഹുൽ ഗാന്ധി ചോദ്യം ചെയ്തു. ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെ പ്രതിഷേധത്തിൽ അത്തരം വാക്കുകൾ ഉപയോഗിച്ചിട്ടും പെൺകുട്ടികളെ മാത്രം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി അത്ഭുതം പ്രകടിപ്പിച്ചത് ഭരണകൂടത്തിന്റെ ഇരട്ടത്താപ്പും സമൂഹത്തിലെ പുരുഷമേധാവിത്വ ചിന്താഗതിയുമാണ് കാണിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
പുണെയിലെ എഐഎസ്എസ്എംഎസ് ഗ്രൗണ്ടിൽ നടന്ന 'ഛാത്രോൺ കി ഗൂഞ്ച്' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെൺകുട്ടികൾക്ക് മാത്രമായി സംഘടിപ്പിച്ച ഈ പരിപാടിയിൽ നൂറുകണക്കിന് ജെൻ-സികളാണ് പങ്കെടുത്തത്. പരിപാടിയിൽ ജന്തർമന്തറിലെ പ്രതിഷേധത്തിൽ പങ്കെടുത്ത പെൺകുട്ടികളെ അദ്ദേഹം അഭിനന്ദിച്ചു. സമരത്തിനിടെ അതിക്രമങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്നിട്ടും അവർ പിന്മാറിയില്ലെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
രാജ്യത്തെ 70 കോടിയോളം വരുന്ന സ്ത്രീകൾ ഇന്ത്യയുടെ ഏറ്റവും വലിയ ശക്തിയാണെന്നും സമൂഹത്തിലെ പുരുഷമേധാവിത്വ വ്യവസ്ഥയെ തകർത്തെറിയാൻ പെൺകുട്ടികൾ മുന്നോട്ട് വരണമെന്നും രാഹുൽ ഗാന്ധി ആഹ്വനം ചെയ്തു. സ്ത്രീകൾ നേരിടുന്ന ശാരീരികവും സാമ്പത്തികവുമായ അതിക്രമങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. രാജ്യത്ത് ലൈംഗികാതിക്രമ കേസുകളിൽ ഭൂരിഭാഗവും പുറത്തുവരുന്നില്ലെന്നും രാഹുൽ ഗാന്ധി.