ബംഗ്ലദേശിലെ റങ്പൂർ നഗരത്തിൽ ഒരു കുടുംബത്തിലെ നാലുപേരെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. റിട്ടയേർഡ് സ്കൂൾ അധ്യാപകനും കുടുംബവുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രാദേശിക പോലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചു.
Also Read: ഹെലികോപ്റ്ററില്‍ പറന്നിറങ്ങി, ഇന്ത്യന്‍ നാവികനെ ‘തൂക്കി’ ബ്രിട്ടിഷ് കമാന്‍ഡോകള്‍; ബലിയാടാക്കി
ദാസ്പാറയിലെ വീട്ടിനുള്ളില്‍ നിന്നും ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് പൊലീസ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. റങ്പൂര്‍ സില്ല സ്കൂളിലെ മുൻ അധ്യാപകനായ ഗണപതി ചക്രവർത്തി (65), ഭാര്യ പ്രീതിലത ചക്രവർത്തി (50), മകൾ അഗാമി ചക്രവർത്തി പ്രാർത്ഥി (23), മകൻ പ്രിയം ചക്രവർത്തി (12) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ ഡിസംബറിലാണ് ഗണപതി ചക്രവര്‍ത്തി സ്കൂളില്‍ നിന്നും വിരമിച്ചത്. മകൾ അഗാമി അടുത്തിടെയാണ് ഇംഗ്ലിഷ് സാഹിത്യത്തിൽ പിജി പഠനം പൂർത്തിയാക്കിയത്. മകൻ പ്രിയം അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഇവരെ മറ്റു കുടുംബാംഗങ്ങള്‍ അവസാനമായി കണ്ടത്. പിന്നീട് ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് വീട് പൂട്ടിയിട്ട നിലയിൽ കണ്ടത്. പൊലീസെത്തി വീടിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്നപ്പോഴാണ് നാലുപേരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
വീടിന്റെ വിവിധ ഭാഗങ്ങളിലാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. അമ്മയും മകളും വീടിന്റെ പടികളില്‍ കിടക്കുന്ന നിലയിലും ഗണപതി ചക്രവര്‍ത്തിയെ ടെറസില്‍ മരിച്ച നിലയിലുമാണ് കണ്ടത്. മകന്റെ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിന് അടിയില്‍ നിന്നാണ് ലഭിച്ചത്. ഈ കുടുംബത്തിന് ശത്രുക്കളാരും ഉള്ളതായി അറിയില്ലെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താൻ തെളിവുകൾ ശേഖരിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.