സൗദി അറേബ്യൻ പൊതുമേഖലാ എണ്ണക്കമ്പനിയായ അരാംകോയുടെ (Aramco) ഹെലികോപ്റ്റർ തകർന്ന് 14 പേർ മരിച്ചു. ഞായറാഴ്ച സൗദിയുടെ കിഴക്കൻ തീരത്തുള്ള തന്ത്രപ്രധാനമായ റാസ് തനൂറയിലാണ് (Ras Tanura) അപകടമുണ്ടായത്. ഇന്ന് പുലർച്ചെ ആറോടെയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്.  ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 പേരും സൗദി സ്വദേശികളാണെന്ന് സൗദി ഊർജ മന്ത്രാലയം സ്ഥിരീകരിച്ചു.

ഹോർമുസ് കടലിടുക്കിന് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന അരാംകോയുടെ പ്രധാന ടെർമിനലുകളിലൊന്നിലാണ് അപകടം സംഭവിച്ചിരിക്കുന്നത്. പശ്ചിമേഷ്യൻ പ്രതിസന്ധികളെ തുടർന്ന് ഏതാണ്ട് നാല് മാസത്തോളമായി തടസ്സപ്പെട്ടിരുന്ന അരാംകോയുടെ റാസ് തനൂറ ടെർമിനലിൽ നിന്നുള്ള എണ്ണക്കയറ്റുമതി കഴിഞ്ഞ വെള്ളിയാഴ്ചയാണ് പുനരാരംഭിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് ഈ ദുരന്തം.

ഹെലികോപ്റ്റർ തകരാൻ ഇടയാക്കിയ കാരണം കണ്ടെത്താൻ ഊർജമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട് . ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കയറ്റുമതിക്കാരായ സൗദി അറേബ്യ, തങ്ങളുടെ എണ്ണ-വാതക ഉൽപ്പാദനവും കയറ്റുമതിയും വലിയ തോതിൽ വർദ്ധിപ്പിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ വിമാനാപകടം.

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള താൽക്കാലിക കരാറിന്റെ പശ്ചാത്തലത്തിൽ, മധ്യപൂർവേഷ്യൻ വിപണിയിലെ എണ്ണ നീക്കം സുഗമമാക്കാൻ സൗദി വലിയ തോതിൽ ശ്രമിക്കുന്നതിനിടയിലാണ് അരാംകോയെ ഉലച്ച ഈ ഹെലികോപ്റ്റർ ദുരന്തം ഉണ്ടായിരിക്കുന്നത്.

ENGLISH SUMMARY:

Aramco helicopter crash resulted in the death of 14 Saudi nationals near Ras Tanura, a critical oil terminal. The incident occurred shortly after the resumption of oil exports from the terminal, prompting a thorough investigation into the cause.