AI Generated Image
12വയസില്‍ താഴെ പ്രായമുള്ള കുട്ടിക്ക് ദയാവധം നടപ്പാക്കിയ നെതര്‍ലന്‍ഡിന്റെ നടപടി ചര്‍ച്ചയാകുന്നു. ഈ മാസം 22ന് ആരോഗ്യമന്ത്രി സോഫി ഹെര്‍മന്‍സ് പാര്‍ലമെന്റിനു നല്‍കിയ സ്വതന്ത്രസമിതിയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം 2025 അവസാനകാലത്താണ് കുട്ടിയെ ദയാവധത്തിനു വിധേയനാക്കിയതെന്നാണ് വിവരം.
ഗുരുതരമായ രോഗം ബാധിച്ചിരുന്ന കുട്ടിയായിരുന്നുവെന്ന് മാത്രമാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. മറ്റ് വ്യക്തിപരമായ വിവരങ്ങളൊന്നും വെളിപ്പെടുത്തിയില്ലെന്നും ഡച്ച് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദയാവധ കേസുകളില്‍ നിയമപരമായ പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി കുട്ടിയുടെ മരണം പബ്ലിക് പ്രോസിക്യൂഷൻ സേവനത്തിലേക്ക് റഫർ ചെയ്തിട്ടുണ്ട്.
2002ലാണ് നെതര്‍ലന്‍ഡ്സില്‍ ദയാവധം നിയമവിധേയമാക്കിയത്. മാരകരോഗം ബാധിച്ച ,12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി നിയമം 2024ല്‍ ഭേദഗതി ചെയ്തു. നിയമഭേദഗതി വന്ന ശേഷം 12 വയസിനു താഴെയുള്ള കുട്ടിക്ക് ദയാവധം നല്‍കുന്നത് ഇതാദ്യമാണ്. ദയാവധം നിയമവിധേയമാക്കിയ ആദ്യരാജ്യം കൂടിയാണ് നെതര്‍ലന്‍ഡ്സ്.
രോഗം ഭേദമാകാന്‍ സാധ്യതയില്ലാത്തതും, കുട്ടി അസഹനീയമായ വേദന അനുഭവിക്കുന്നതുമായ സാഹചര്യങ്ങളിലാണ് ഇത്തരം തീരുമാനങ്ങള്‍ക്ക് അനുമതി ലഭിക്കുക. മാതാപിതാക്കളുടെ സമ്മതത്തോടെയും , ചികിത്സിച്ച ഡോക്ടറല്ലാതെ മറ്റൊരു ഡോക്ടറുടെ അറിവോടെയുമായിരിക്കും ഈ നടപടി. ഈ വാര്‍ത്ത പുറത്തുവന്നതോടെ രാജ്യാന്തരതലത്തില്‍ തന്നെ കടുത്ത പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും ഔദ്യോഗികമായി മറുപടി പറയാന്‍ നെതര്‍ലന്‍ഡ്സ് തയാറായിട്ടില്ല.