Image: AFP
കടുത്ത ആഭ്യന്തര പ്രശ്നങ്ങളും ജലപ്രതിസന്ധിയും മൂലം പൊറുതിമുട്ടിയ പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ യുദ്ധഭീഷണിയുമായി രംഗത്ത്. സിന്ധുനദീജല കരാര്‍ നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം മാറ്റമില്ലാതെ തുടരുമെന്ന ഇന്ത്യയുടെ നിലപാടിനു പിന്നാലെയാണ് പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന്റെ പ്രതികരണം. പാക്കിസ്ഥാന്റെ ദേശീയ സുരക്ഷയും ജലസുരക്ഷയും ഭീഷണിയിലാണെന്ന് ബോധ്യപ്പെടുന്ന നിമിഷം ഇന്ത്യക്കെതിരെ യുദ്ധമാരംഭിക്കുമെന്നാണ് മന്ത്രിയുടെ പരസ്യപ്രഖ്യാപനം.
കഴിഞ്ഞ ശനിയാഴ്ച എആര്‍വൈ ന്യൂസിനു നല്‍കിയ അഭിമുഖത്തിനിടെയാണ് ഖ്വാജയുടെ വാക്കുകള്‍. പാക്കിസ്ഥാന്റെ ദേശീയ സുരക്ഷയും അതുപോലെ തന്നെ ജലസുരക്ഷയും ഭീഷണിയിലായാല്‍ പിന്നെ സംശയിക്കില്ലെന്നും ആ നിമിഷം തന്നെ ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യുമെന്നും ഖ്വാജ ആസിഫ് പറയുന്നു. പാക്കിസ്ഥാനുള്ള ജലവിതരണം തടസപ്പെടുത്തുന്നതിന് ഇന്ത്യ അപകടകരമായ വേഗത്തിലാണ് നീങ്ങുന്നതെന്ന് ഇസ്ലമാബാദ് കണ്ടെത്തിയാല്‍ സൈനിക നടപടി ആരംഭിക്കും. പഹല്‍ഗാം സംഭവത്തിനു ശേഷമാണ് സിന്ധുനദീജല കരാര്‍ ന്യൂഡല്‍ഹി നിര്‍ത്തിവച്ചത്. ഈ നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്ന ഇന്ത്യയുടെ തീരുമാനമാണ് പാക്കിസ്ഥാനെ ചൊടിപ്പിച്ചത്.
പാക്കിസ്ഥാന്റെ മൂന്നിലൊന്ന് ഭാഗത്തും ജലപ്രതിസന്ധി നിലവില്‍ രൂക്ഷമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ലോകബാങ്കിന്റെ മധ്യസ്ഥതയിലുള്ള കരാറില്‍ സിന്ധു നദീതടത്തിന്റെ 80 ശതമാനം കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്നതായിരുന്നു വ്യവസ്ഥ. എന്നാല്‍ വേണ്ട രീതിയില്‍ ഉപയോഗിക്കുന്നതില്‍ രാജ്യം പരാജയപ്പെട്ടതിനെ തുടര്‍ന്ന് കാര്‍ഷിക മേഖലകള്‍ കടുത്ത വരള്‍ച്ചയിലായെന്നാണ് സൂചന. സുകൂര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുന്നതും, ആഭ്യന്തര ജലവിതരണ തർക്കങ്ങൾ പോലും പരിഹരിക്കാനാവാത്തതും പാക്കിസ്ഥാനിലെ പ്രാദേശിക മേഖലയില്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.