ഹംഗോര്‍, ഈ പേര് പുതിയ തലമുറ ഇന്ത്യക്കാര്‍ കേട്ടാല്‍ പ്രത്യേകിച്ച് ഒന്നും തോന്നിക്കൊള്ളണമെന്നില്ല. പക്ഷെ 1971 ഇന്ത്യാ–പാക് യുദ്ധസമയത്ത് ഈ പേര് ഇന്ത്യന്‍ നേവിയെ അലോസരപ്പെടുത്തിയിരുന്നു. അതിന് പ്രധാന കാരണം ഐഎന്‍എസ് ഖുക്രി എന്ന ഇന്ത്യന്‍ പടക്കപ്പല്‍ തകര്‍ത്തത് പി.എന്‍.എസ് ഹംഗോര്‍ എന്ന മുങ്ങിക്കപ്പലാണ്. യുദ്ധത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ തച്ചുതകര്‍ത്തെങ്കിലും ഐഎന്‍എസ് ഖുക്രി നഷ്ടപ്പെട്ടത് വലിയ ആഘാതമായിരുന്നു. പാക്കിസ്ഥാന്‍ ആഘോഷിക്കുന്ന നേട്ടങ്ങളിലൊന്നും അതാണ്.
55 വര്‍ഷങ്ങള്‍ക്ക് ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ സാന്നിധ്യം ഉറപ്പിക്കാന്‍ ശ്രമം തുടങ്ങുകയാണ് പാക്കിസ്ഥാന്‍. ഇതിനായി ചൈനയില്‍ നിന്ന് എട്ട് പുതിയ മുങ്ങിക്കപ്പലുകള്‍ അവര്‍ സ്വന്തമാക്കി. കഴിഞ്ഞയാഴ്ച കറാച്ചിയിലെത്തിയ ആദ്യ മുങ്ങിക്കപ്പലിന് ഹംഗോര്‍ എന്നുതന്നെ പേരും നല്‍കി.
ചൈനയുടെ ടൈപ് 039A മുങ്ങിക്കപ്പലുകളില്‍ നിന്നാണ് പുതിയ ഹംഗോര്‍ വികസിപ്പിച്ചിരിക്കുന്നത്. ആധുനിക ആയുധങ്ങള്‍, ടോര്‍പിഡോകള്‍, കപ്പല്‍വേധ മിസൈലുകള്‍ എന്നിവ കൂടാതെ ഏറെ നേരം കടലില്‍ മുങ്ങിക്കിടക്കാന്‍ കെല്‍പ്പുള്ള എയര്‍ ഇന്‍ഡിപ്പെന്‍ഡന്‍ഡ് പൊപ്പല്‍ഷന്‍ സിസ്റ്റമടക്കം ഈ അന്തര്‍വാഹിനിയിലുണ്ട്.
പാക്കിസ്ഥാന്‍ സൈന്യത്തിലെ ഉന്നതര്‍ പറഞ്ഞതനുസരിച്ച് അറബിക്കടല്‍ മുതല്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെ പുതിയ ഹംഗോറുകളുടെ സാന്നിധ്യമുണ്ടാകും. 1971ലെ തോല്‍വിക്കുശേഷം പാക് യുദ്ധക്കപ്പലുകള്‍ക്ക് എത്തിച്ചേരാന്‍ പറ്റാത്ത ഇടമായിരുന്നു ബംഗാള്‍ ഉള്‍ക്കടല്‍. അവിടേക്കാണ് പുതിയ നീക്കങ്ങള്‍. ഇതിന് ചൈനയുടെ പിന്തുണയുണ്ടാകുമെന്ന് ഉറപ്പാണ്.
ബംഗ്ലാദേശുമായുള്ള ബന്ധം മെച്ചപ്പെട്ടതും ദൃഢമാകുന്നതുമാണ് പാക്കിസ്ഥാന്‍റെ പ്രതീക്ഷ. ഇത് ഇന്ത്യയ്ക്ക് ആശങ്ക സൃഷ്ടിക്കുന്ന ഘടകമായി മാറുകയാണ്. ചൈനയുടെ യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ട്. പാക്കിസ്ഥാനില്‍ നിന്ന് ഏറെ അകലെയുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിലെത്തില്‍ ഹംഗോറുകള്‍ വിന്യസിക്കാനുള്ള നീക്കം എല്ലാംകൊണ്ടും ഇന്ത്യയെ ലക്ഷ്യമിട്ടുതന്നെയാണ്. അതിനോട് ഇന്ത്യ എങ്ങനെ പ്രതികരിക്കുമെന്നാണ് പ്രതിരോധ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.