spa-privacy-violation-singapore

എഐ ചിത്രം

സ്പായില്‍ ഒരാള്‍ മൊബൈല്‍ ക്യാമറ ഉപയോഗിച്ചുവെന്നും, അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയോ എന്ന് സംശയമുണ്ടെന്നും പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി യുവതി. സിംഗപ്പൂരിലെ ഗെയ്‌ലാങ്ങിലാണ് സംഭവം. സ്പായുടെ ഹോട്ട് പൂൾ ഏരിയയിൽ മറ്റൊരു സ്ത്രീ മൊബൈൽ ഫോൺ ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നത് കണ്ടെന്നും സ്പായില്‍ അത് പാടില്ലെന്നും കാട്ടിയാണ് പേര് വെളിപ്പെടുത്താത്ത സ്ത്രീ പരാതിയുമായെത്തിയത്.

ജൂൺ 3ന് രാത്രി 10 മണിയോടെ ഗെയ്‌ലാങ്ങിലെ ഗില്ലെമാർഡ് റോഡിൽ സ്ഥിതി ചെയ്യുന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന ജി.സ്പ എന്ന  സ്പായിലാണ് സംഭവം. ജൂൺ 2ന് വൈകുന്നേരം സ്പായിൽ കയറിയെന്നും, അതിന് ശേഷം രാത്രി അവിടെ ചെലവഴിച്ചതായും 30 കാരി പറയുന്നു. 

'സ്പായിലെ സേവനം കഴിഞ്ഞ് ഹോട്ട് പൂൾ ഏരിയ സന്ദർശിച്ചപ്പോള്‍, ഒരു സ്ത്രീ മൊബൈൽ ഫോൺ ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നത് കണ്ട് ഞാന്‍ ഞെട്ടിപ്പോയി. അവൾ പൂർണ്ണമായും വസ്ത്രം ധരിച്ചിരുന്നു.  ഹോട്ട് പൂൾ ഏരിയയില്‍ വരുന്ന വേഷത്തിലല്ലായിരുന്നു ആ സ്ത്രീ. ആ സമയത്ത്, പൂൾ ഏരിയയിൽ ഞാനുള്‍പ്പടെ മൂന്ന് അതിഥികൾ ഉണ്ടായിരുന്നു. ഞങ്ങൾ അവര്‍ നൽകിയ അടിവസ്ത്രങ്ങൾ മാത്രമേ ധരിച്ചിരുന്നുള്ളൂ.

ആ സമയത്ത് ഫോട്ടോ എടുത്തോ എന്നാണ് ഞാന്‍ സംശയിച്ചത്. ഞാന്‍ എന്താണ് മൊബൈലില്‍ പകര്‍ത്തിയത് എന്ന് ചോദിച്ചതോടെ, ഒന്നും പകര്‍ത്തിയില്ലെന്നാണ് ആദ്യമവര്‍ പറ‍ഞ്ഞത്. വീണ്ടും ചോദിച്ചതോടെ, എന്‍റെ ചിത്രം മൊബൈല്‍ ക്യാമറയില്‍ പതിഞ്ഞിട്ടില്ലെന്നായി. ഒടുവിൽ എല്ലാ ഫോട്ടോകളും ഡീലീറ്റാക്കാമെന്ന് അവർ പറഞ്ഞു. സംഭവത്തിൽ അസ്വസ്ഥത തോന്നിയതുകൊണ്ടാണ് ഞാന്‍ ഒരു സ്റ്റാഫ് അംഗത്തെ വിവരം അറിയിച്ചത്. സ്പായുടെ പ്രൊമോഷണൽ ജോലികൾക്കായി നിയോഗിക്കപ്പെട്ട ഒരു മാർക്കറ്റിംഗ് ജീവനക്കാരിയാണ് ആ സ്ത്രീയെന്ന് സ്റ്റാഫ് അംഗം വിശദീകരിച്ചു.

എന്റെ ഫോട്ടോകളോ വീഡിയോകളോ എടുത്തിട്ടില്ലെന്നും പകർത്തിയ വിഡിയോ ഡീലീറ്റാക്കിയെന്നും പറഞ്ഞെങ്കിലും ഞാന്‍ പൊലീസിൽ റിപ്പോർട്ട് ചെയ്യാൻ തീരുമാനിക്കുകായയിരുന്നു. ഫോട്ടോകൾ യഥാർത്ഥത്തിൽ ഡീലീറ്റാക്കിയോ എന്ന് സ്ഥിരീകരിക്കാൻ എനിക്ക് ഒരു മാർഗവുമില്ലായിരുന്നു. അവ ആര്‍ക്കും ഫോർവേഡ് ചെയ്തിട്ടില്ലെന്നും മറ്റെങ്ങും സേവ് ചെയ്തിട്ടില്ലെന്നും ഉറപ്പിക്കാന്‍ ഒരു വഴിയും കണ്ടില്ല'. – അവര്‍ വ്യക്തമാക്കുന്നു. 

‌‌മാർക്കറ്റിംഗ് കാമ്പയിന്‍റെ ഭാഗമായുള്ള കണ്ടന്റ് ക്രിയേഷനായാണ് സ്റ്റാഫ് അവിടത്തെ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും അതിഥികളുടെ ചിത്രങ്ങളോ വിഡിയോകളോ സമ്മതമില്ലാതെ പകർത്തരുതെന്ന് അവരെ അറിയിച്ചിട്ടുണ്ടെന്നും ജി. സ്പാ വക്താവ് പൊലീസിനോട് പറഞ്ഞു. ആരോപണ വിധേയയായ സ്ത്രീ പ്രൊമോഷണൽ മെറ്റീരിയലുകൾ ചിത്രീകരിക്കുകയായിരുന്നുവെന്നും ആരുടെയും സ്വകാര്യ ചിത്രങ്ങള്‍ എടുത്തിട്ടില്ലെന്നുമാണ് ജി. സ്പാ വക്താവിന്‍റെ വാദം. പൊലീസ് സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷണം തുടരുകയാണ്.  

ENGLISH SUMMARY:

Singapore spa privacy violation reports are emerging after a woman filed a complaint at a police station alleging that another woman was using a mobile camera in the spa's hot pool area, raising suspicions of capturing semi-nude images. The incident occurred in Geylang, Singapore, highlighting concerns over privacy and appropriate conduct in public relaxation spaces.