AI Generated Image
ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ എത്രത്തോളം ജാഗ്രതയോടെ, സൂക്ഷ്മതയോടെ കര്‍മനിരതനാകണമെന്ന് ബോധ്യപ്പെടുത്തുന്നൊരു സംഭവമാണ് ഷാര്‍ജയില്‍ നിന്നും പുറത്തുവരുന്നത്. എമര്‍ജന്‍സി നമ്പറിലേക്ക് വന്ന ഫോണ്‍കോളില്‍ നിന്നും ഒരു യുവതി അപകടത്തിലാണെന്നും അടിയന്തര രക്ഷാപ്രവര്‍ത്തനം ആവശ്യമാണെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ മനസിലാക്കി, എന്നാല്‍ താന്‍ അനുഭവിക്കുന്ന അവസ്ഥയെക്കുറിച്ച് ഒരക്ഷരം പറയാന്‍ പറ്റാത്ത സാഹചര്യത്തിലും ആ യുവതി ബുദ്ധിപൂര്‍വം കാര്യങ്ങള്‍ അവതരിപ്പിച്ചതു കൂടിയാണ് വലിയൊരു ദുരന്തത്തില്‍ നിന്നും അവരെ കരകയറ്റാന്‍ പൊലീസിനെ സഹായിച്ചത്.
‘അമന്‍ യാ ബിലാദി’യെന്ന ഷാര്‍ജ പൊലീസിന്റെ പ്രോഗ്രാമിലാണ് കമ്മ്യൂണിക്കേഷന്‍സ് ഓപ്പറേഷന്‍സ് ബ്രാഞ്ച് ക്യാപ്റ്റന്‍ മജിദ് അല്‍ ബസ് ഇക്കാര്യം വെളിപ്പെടുത്തിയത്. എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ച് യുവതി ആവശ്യപ്പെട്ടത് ഒരു പീത്‌സ വേണമെന്നായിരുന്നു. ഇത് ഷാര്‍ജ പൊലീസിന്റെ എമര്‍ജന്‍സി നമ്പറാണെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ മറുപടി നല്‍കി. എന്നാല്‍ യുവതി ആവശ്യം ആവര്‍ത്തിച്ചു, ആ വാക്കുകളിലെ പരിഭ്രാന്തിയും ശബ്ദത്തിലെ ഇടര്‍ച്ചയും പൊലീസുകാരനായ ഖമിസിന് ബോധ്യപ്പെട്ടു.
ഉടന്‍ തന്നെ ഖമിസ് യുവതിയോട് എവിടേക്കാണ് ഓര്‍ഡര്‍ വേണ്ടതെന്നും എത്ര പീത്‍സ വേണമെന്നും ഞൊടിയിടയില്‍ ചോദിച്ചറിഞ്ഞു. യുവതിയാകട്ടേ ബുദ്ധിപൂര്‍വം ഒരു പീത്‌സയും രണ്ട് ഡ്രിങ്ക്സും വേണമെന്ന് ആവശ്യപ്പെട്ടു. അതിലൂടെ ഖമിസിന് യുവതിയുടെ അടുത്ത് പ്രശ്നക്കാരനായ മറ്റൊരാളുണ്ടെന്ന് ബോധ്യപ്പെട്ടു. യുവതിയെ കോളില്‍ നിര്‍ത്തിത്തന്നെ ഖമിസ് ഇതിനിടെ തന്റെ സൂപ്പര്‍വൈസറുമായും മറ്റ് സഹപ്രവര്‍ത്തകരുമായും കാര്യങ്ങള്‍ പങ്കുവച്ചു. ഉടന്‍ തന്നെ കോള്‍ ട്രേസ് ചെയ്യാനും അഡ്രസിലേക്കെത്താനും പൊലീസ് ടീമിന് സാധിച്ചു.
ഭര്‍ത്താവിന്റെ ഭീഷണിയെത്തുടര്‍ന്നാണ് യുവതി എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ചിരുന്നത്. അക്രമകാരിയായ അവസ്ഥയിലായിരുന്നു ഭര്‍ത്താവ്. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി ഭര്‍ത്താവിനെ കീഴടക്കി യുവതിയെ മോചിപ്പിച്ചു. വലിയ അഭിനന്ദന പ്രവാഹമാണ് ഈ സംഭവത്തിലൂടെ പൊലീസുദ്യോഗസ്ഥന് ലഭിക്കുന്നത്. അപകടഘട്ടങ്ങളിൽ നേരിട്ട് സഹായം ചോദിക്കാൻ പറ്റാത്ത സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്ന ഇത്തരം കോഡുകൾ തിരിച്ചറിയാൻ ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ടെന്ന് ക്യാപ്റ്റൻ മജീദ് അൽ ബാസ് വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് 999 എന്ന നമ്പറിലും, അടിയന്തരമല്ലാത്ത ആവശ്യങ്ങൾക്ക് 901 എന്ന നമ്പറിലും ഷാർജ പൊലീസിനെ ബന്ധപ്പെടാം.