മരുഭൂമിയുടെ കത്തുന്ന ചൂടിലും സ്നേഹം കൊണ്ട് ഒരു ഹരിതസാമ്രാജ്യം തീർത്ത് പ്രവാസലോകത്തിന് മാതൃകയാവുകയാണ് ഷാർജയിലെ ഒരു മലയാളി കുടുംബം. കോൺക്രീറ്റ് മതിൽക്കെട്ടുകൾക്കുള്ളിൽ ജനിച്ചുവീഴുന്ന പുതുതലമുറ പ്രകൃതിയെ അറിഞ്ഞ് വളരണമെന്ന ആഗ്രഹമാണ് ഈ ദമ്പതികളെ വേറിട്ടൊരു ചിന്തയിലേക്ക് നയിച്ചത്. തൃശൂർ സ്വദേശി സിദ്ദീഖ് അറയ്ക്കലിന്റെയും ഭാര്യ സീമയുടെയും ഷാർജയിലെ 'വില്ലാ ഫാം' ഇന്ന് ലോക പരിസ്ഥിതി ദിനത്തിൽ ഏവർക്കും അനുകരിക്കാവുന്ന ഒരു വലിയ മാതൃകയാണ്.
ദുബായ് റാഷിദ് ആശുപത്രിയിൽ ലബോറട്ടറി ടെക്നോളജിസ്റ്റായി ജോലി ചെയ്യുന്ന സിദ്ദീഖും കുടുംബവും കഴിഞ്ഞ 23 വർഷമായി യുഎഇയിലെ തിരക്കുപിടിച്ച ജീവിതത്തിന്റെ ഭാഗമാണ്. കോവിഡ് കാലത്തെ കഠിനമായ അനുഭവങ്ങളാണ് യന്ത്രവൽകൃതമായ പ്രവാസജീവിതത്തിൽ നിന്നും പ്രകൃതിയുടെ യഥാർഥ അർഥം തിരിച്ചറിയാൻ ഈ ദമ്പതികൾക്ക് പ്രേരണയായത്.
ഗ്രാമീണതയുടെ കുളിർമയും പച്ചപ്പും തങ്ങളുടെ മക്കൾക്കും അനുഭവവേദ്യമാക്കണമെന്ന ലക്ഷ്യത്തോടെയാണ് ഇവർ ദുബായ് ദെയ്റയിൽ നിന്നും ഷാർജയിലെ അൽ ഫഹിയയിലേക്ക് താമസം മാറ്റിയത്.
തുടർന്ന് കഠിനാധ്വാനത്തിലൂടെ ചെടികൾ നടാൻ അനുയോജ്യമായ മണ്ണെത്തിക്കുകയും മുറ്റത്ത് ഒരു കിണർ കുഴിക്കുകയും ചെയ്തുകൊണ്ട് അവർ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചു. ഇന്ന് കോഴിയും താറാവും മുയലും കിളികളും തത്തകളും വർണ്ണമത്സ്യങ്ങളുമെല്ലാം ഒത്തുചേരുന്ന ജീവസ്സുറ്റ ഒരു കളിത്തട്ടായി ഈ മുറ്റം മാറിയിരിക്കുന്നു. പ്രാക്കളുടെ ഇമ്പമുള്ള കുറുകലുകളും ലവ് ബേർഡ്സുകളുടെ കൊഞ്ചലുകളും മനുഷ്യരോട് കുശലം പറയുന്ന തത്തകളുടെ ശബ്ദവും അവിടെയൊരു നാട്ടുമ്പുറത്തിന്റെ അനുഭൂതിയാണ് സമ്മാനിക്കുന്നത്.
മാതാപിതാക്കളുടെ ഈ വേറിട്ട സ്വപ്നത്തിന് എല്ലാവിധ സഹായങ്ങളുമായി ഐടി വിദ്യാർഥികളായ ഇവരുടെ മൂന്ന് മക്കളും ഒപ്പമുണ്ട്. പ്രകൃതിയെന്നത് ചൂഷണം ചെയ്യാനുള്ളതല്ല, മറിച്ച് ശ്വാസം പോലെ കാത്തുസൂക്ഷിക്കേണ്ടതാണെന്ന വലിയൊരു സന്ദേശമാണ് ഈ കൊച്ചു വില്ലാ ഫാം നൽകുന്നത്. വരുംതലമുറയ്ക്കായി മണ്ണിലേക്ക് മടങ്ങാനും പരിസ്ഥിതിയെ കരുതിവെക്കാനും ഈ കുടുംബം കാട്ടുന്ന മനസ്സ് പ്രവാസലോകത്തിന് ഒന്നടങ്കം വലിയൊരു മാതൃകയാണ്.