Image: X, @ndtv
ജപ്പാനില്‍ പാക്കിസ്ഥാന്‍ പള്ളി നിര്‍മിച്ചത് അനധികൃതമായെന്ന് റിപ്പോര്‍ട്ട്. പ്രാദേശിക നിയമങ്ങള്‍ ലംഘിച്ചും അനുമതികള്‍ വാങ്ങാതെയുമാണ് പള്ളിനിര്‍മാണമെന്ന് ജപ്പാന്‍ കണ്ടെത്തിയതോടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്ത പാക് അംബാസഡര്‍ ഉള്‍പ്പെടെ പെട്ടു. അതേസമയം സംഭവം വിവാദമായതോടെ പള്ളിനിര്‍മാണം പ്രദേശവാസികളുടെ തലയില്‍വച്ച് എംബസി കയ്യൊഴിഞ്ഞു.
സൈതാമ പ്രവിശ്യയിലെ കവാഗോയിലാണ് 4,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള വനഭൂമി മേഖലയില്‍ യാഷിയോ മസ്ജിദ് എന്നറിയപ്പെടുന്ന ഈ പള്ളി സ്ഥിതി ചെയ്യുന്നത്. നഗരവികസന നിയന്ത്രണമേഖലയായ ഇവിടെ നിര്‍മാണ പ്രവൃത്തികള്‍ നിരോധിച്ചിട്ടുള്ളതാണെന്ന് നേതൃത്വം വ്യക്തമാക്കുന്നു. നഗരസഭയുടെ അനുമതിയില്ലാതെ നിര്‍മിച്ച കെട്ടിടം പൊളിച്ചുമാറ്റേണ്ടി വരുമെന്നാണ് സൂചന.
2025 മാര്‍ച്ചില്‍ ഫ്യുജിമി ആസ്ഥാനമായ റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ നിന്നും കവാഗോയിയിലെ വിലാസത്തില്‍ റജിസ്റ്റര്‍ ചെയ്ത ഒരു സ്ഥാപനത്തിലേക്ക് ഈ ഭൂമിയുടെ ഉടമസ്ഥാവകാശം മാറ്റിയതായി രേഖകള്‍ വ്യക്തമാക്കുന്നുവെന്ന് ‘ദി അസാഹി ഷിംബുന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. 2026ല്‍ ആദ്യം തന്നെ ഈ പള്ളിയുടെ ഉദ്ഘാടനം നടന്നതായും ചടങ്ങില്‍ ജപ്പാനിലെ പാക് അംബാസഡര്‍ അബ്ദുല്‍ ഹമീദ് പങ്കെടുത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെയാണ് പള്ളിനിര്‍മാണം ചര്‍ച്ചയായത്.
യാഷിയോ മസ്ജിദ് പ്രാദേശിക അധികാരികളുമായും താമസക്കാരുമായും ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതായും 2000ത്തില്‍ ഒരു ഫാക്ടറിയില്‍ പ്രവര്‍ത്തനം ആരംഭിച്ച പള്ളി 2007ല്‍ മതപരമായ സ്ഥാപനമായി റജിസ്റ്റര്‍ ചെയ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രാദേശിക നിയമം പാലിച്ചു മാത്രമേ ഇത്തരം പദ്ധതികള്‍ നടപ്പാക്കാവൂയെന്ന് കമ്മ്യൂണിറ്റി അംഗങ്ങളോട് എംബസി ആവശ്യപ്പെട്ടു. ജപ്പാനീസ് നിയമങ്ങള്‍ പാലിക്കാനും സഹകരിക്കാനും പ്രദേശവാസികളോട് എംബസി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഈ പള്ളിനിര്‍മാണവുമായി തങ്ങള്‍ക്കൊരു ബന്ധവുമില്ലെന്ന് പറഞ്ഞ് എംബസി കയ്യൊഴിഞ്ഞതായാണ് സൂചന.