പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യങ്ങൾ ചോദിക്കാൻ ശ്രമിച്ച നോർവീജിയൻ മാധ്യമപ്രവർത്തക ഹെല്ലെ ലയെങ്ങിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ മെറ്റ റദ്ദാക്കി. പ്രധാനമന്ത്രിക്ക് നേരെ ചോദ്യമുന്നയിച്ചതിന് പിന്നാലെ ഹെല്ലെ ലയെങ്ങിനെതിരെ കടുത്ത സൈബര്‍ ആക്രമണം ഉയര്‍ന്നിരുന്നു. 

ഒസ്‌ലോ ആസ്ഥാനമായുള്ള 'ദാഗ്‌സാവിസെൻ' എന്ന പത്രത്തിലെ മാധ്യമപ്രവര്‍ത്തകയാണ് ഹെല്ലെ ലയെങ്. അക്കൗണ്ടുകൾ റദ്ദാക്കിയതിന്‍റെ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ച് "പത്രസ്വാതന്ത്ര്യത്തിന് വേണ്ടി നൽകേണ്ടി വന്ന ചെറിയ വില മാത്രം" എന്നാണ് ഹെല്ലെ കുറിച്ചത്. ഇതിനുമുന്‍പ് ഇത്തരമൊരു അനുഭവമുണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു. വിദേശ ഏജന്‍റാണെന്നും ചാരപ്രവര്‍ത്തകയെന്നും വിളിച്ചുള്ള ആക്ഷേപങ്ങള്‍ കടുത്തതോടെ താൻ ഒരു സ്വതന്ത്ര മാധ്യമപ്രവർത്തക മാത്രമാണെന്ന് അവർ എക്സിലൂടെ മറുപടി നല്‍കിയിരുന്നു. 

അക്കൗണ്ടുകൾ റദ്ദാക്കിയതിന് പിന്നിലെ കൃത്യമായ കാരണം മെറ്റ വ്യക്തമാക്കിയിട്ടില്ല. വലിയ തോതിലുള്ള റിപ്പോർട്ടിങ്ങുകൾ കാരണം അക്കൗണ്ടുകൾ താൽക്കാലികമായി പൂട്ടിയതാകാം എന്നാണ് കരുതപ്പെടുന്നത്. തന്‍റെ അക്കൗണ്ടുകൾ മെറ്റ ഉടൻ തന്നെ പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷിക്കുന്നെന്നും ഹെല്ലെ കുറിച്ചു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും നോർവേ പ്രധാനമന്ത്രി ജൊനാസ് ഗാറും പങ്കെടുത്ത സംയുക്ത വാർത്താസമ്മേളനത്തിലാണ് വിവാദങ്ങൾക്ക് തുടക്കമായത്. ‘പ്രധാനമന്ത്രി മോദി, ലോകത്തിലെ ഏറ്റവും സ്വതന്ത്രമായ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് താങ്കൾ മറുപടി പറഞ്ഞുകൂടെ?’ എന്നായിരുന്നു ഹെല്ലെയുടെ ചോദ്യം. ലോകരാജ്യങ്ങളില്‍ ഏറ്റവും മാധ്യമസ്വാതന്ത്യമുള്ള രാജ്യമായ നോര്‍വേയില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് രാഷ്ട്രീയക്കാരും പ്രമുഖരും മറുപടി പറയുന്നത് സാധാരണമാണ്. എന്നാല്‍ വേദിയിലെത്തിയ ശേഷം മോദി നോര്‍വീജിയന്‍ പ്രധാനമന്ത്രി ജൊനാസ് ഗാറിന് കൈകൊടുത്ത് നേരെ വേദിയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് മാധ്യമപ്രവര്‍ത്തകയുടെ ചോദ്യമുയര്‍ന്നത്. എന്നാല്‍ പ്രതികരിക്കാന്‍ നില്‍ക്കാതെ മോദി വേദി വിടുകയായിരുന്നു.

ഈ സംഭവത്തിന് പിന്നാലെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഹെല്ലെയെ ഔദ്യോഗിക വാർത്താസമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നു. ഇന്ത്യയുടെ മനുഷ്യാവകാശങ്ങളെയും വിശ്വാസ്യതയെയും കുറിച്ചുള്ള ഹെല്ലെയുടെ ചോദ്യങ്ങൾക്ക്, ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളും ആഗോള സംഭാവനകളും വിശദീകരിച്ച് വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സിബി ജോർജ് മറുപടിയും നൽകി. എന്നാല്‍ ഇതിനിടിയിലും ഇരുവരും തമ്മില്‍ തര്‍ക്കമാവുകയും സിബിയുടെ മറുപടികള്‍ക്ക് കാത്തുനില്‍ക്കാതെ മാധ്യമപ്രവര്‍ത്തക ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. 

ENGLISH SUMMARY:

Norwegian journalist Helle Lyng's Instagram and Facebook accounts were deactivated by Meta after she attempted to question Prime Minister Narendra Modi during a joint press conference. This incident sparked a cyber-attack against her and raised concerns about press freedom.