പ്രതീകാത്മക ചിത്രം.
ഉത്തരേന്ത്യയില്‍ നഗരങ്ങളുടെയും പ്രദേശങ്ങളുടെയും പേരുമാറ്റുന്ന വാര്‍ത്തകള്‍ കണ്ട് അന്തം വിടാറുണ്ട് ശരാശരി മലയാളികള്‍. ഫൈസാബാദിന്‍റെ പേര് മാറ്റി പഴയ പേരായ അയോധ്യയാക്കിയതും അലഹാബാദിനെ പ്രയാഗ്‌രാജാക്കി പുനര്‍നാമകരണം ചെയ്തതും വിവാദത്തിനും കൗതുകത്തിനും കാരണമായി. എന്നാല്‍ ഇസ്‌ലാംപുരയെ കൃഷണ്‍നഗറാക്കി പുനഃര്‍നാമകരണം ചെയ്തതാണ് പുതുതായി വാര്‍ത്തയാകുന്നത്. എന്നാല്‍ കൗതുകമെന്തെന്നാല്‍ ഈ പേരുമാറ്റം നടന്നിരിക്കുന്നത് ഇന്ത്യയിലല്ലെന്നതാണ്. അങ്ങ് പാക്കിസ്ഥാനിലാണ് കൗതുകകരമായ ഈ പേരുമാറ്റം നടന്നിരിക്കുന്നത്.
വിഭജനത്തിന് ശേഷം പാക്കിസ്ഥാനില്‍ നഗരങ്ങള്‍ക്കും ഗ്രാമങ്ങള്‍ക്കും പല സ്ഥലങ്ങള്‍ക്കും ഇസ്‌ലാമിക ശൈലിയില്‍ പേരുമാറ്റിയിരുന്നു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയാണ് ഈയിടെ തങ്ങളുടെ പല സ്ഥലങ്ങളുടെയും പഴയ പേര് തിരിച്ചുകൊണ്ടുവരാന്‍ തീരുമാനമെടുത്തത്. വിഭജനത്തിന് മുന്നത്തെ രാജ്യത്തിന്‍റെ ചരിത്രം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പതിറ്റാണ്ടുകളായി അപ്രത്യക്ഷമായ പഴയ പേരുകള്‍ തിരിച്ചുകൊണ്ടുവരാന്‍ തീരുമാനമുണ്ടായത്.
പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസിന്‍റെ അനുമതിയോടെ ലാഹോറിലെ പഴയ തെരുവുകളുടെയും ഇടനാഴികളുടെയും പേരുകള്‍ പുനഃസ്ഥാപിക്കാന്‍ തീരുമാനമെടുത്തെന്ന് ഒരു ഗവണ്‍മെന്‍റ് അധികാരി പിടിഐയോടെ പറഞ്ഞു.
ഇസ്‌ലാംപുരയെ കൃഷണ്‍ നഗര്‍ ആക്കിയതുപോലെ ബാബ്‌രി മസ്ജിദ് ചൗക്ക് ജൈന്‍ മന്ദിര്‍ ചൗക്കായും സുന്നത്ത് നഗര്‍ ശാന്ത് നഗറായും മുസ്തഫാബാദ് ധര്‍മപുരയായും പുനഃര്‍നാമകരണം ചെയ്തിട്ടുണ്ട്. തുടക്കം എന്ന നിലയിലാണ് ലാഹോറില്‍ പേരുമാറ്റം പരീക്ഷിക്കുന്നത്. പല തെരുവുകളിലും പഴയ സ്ഥലപ്പേരുകളുമായി സൈന്‍ ബോര്‍ഡുകള്‍ ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. മൗലാന സഫര്‍ അലി ഖാന്‍ ചൗക്കിനെ ലക്ഷ്മി ചൗക്കായും, സര്‍ ആഗാ ഖാന്‍ റോഡിനെ ഡേവിസ് റോഡായും ഫാത്തിമ ജിന്ന റോഡിനെ ക്വീന്‍സ് റോഡായും മാറ്റിയത് പേരുമാറ്റങ്ങളില്‍ ചിലതാണ്.