വാഷിങ്ടണ്ണില്‍ യു.എസ് പ്രസിഡന്റ് നടത്തിയ അത്താഴവിരുന്നിനിട‌െ വെടിയുതിര്‍ത്ത കോൾ തോമസ് അലന്  ട്രംപ് ഭരണകൂടത്തോട് കടുത്ത അമര്‍ഷമുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്. ആക്രമണം രാഷ്ട്രീയ പ്രേരിതമായിരുന്നു എന്ന നിഗമനത്തിലാണ് അന്വേഷണസംഘം. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

വാഷിങ്ടണ്‍ ഹില്‍ട്ടന്‍ ഹോട്ടലില്‍ വെടിയുതിര്‍ത്ത അലന്‍ ആക്രമണത്തിന് തൊട്ടുമുന്‍പ് കുടുംബാംഗങ്ങള്‍ക്ക് ഉള്‍പ്പെടെ അയച്ച സന്ദേശത്തില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. 'സൗഹൃദനായ ഫെഡറൽ കൊലയാളി' എന്ന വിശേഷണത്തോടെയാണ് സന്ദേശങ്ങള്‍. ഇതില്‍ കിഴക്കൻ പസഫിക്കിലെ ലഹരിമരുന്ന് കടത്തു ബോട്ടുകൾക്കുനേരെയുണ്ടായ യു.എസ് ആക്രമണങ്ങളില്‍ അടക്കം അതൃപ്തി പ്രകടമാക്കുന്നു. സന്ദേശം ലഭിച്ചതോടെ സഹോദരന്‍ കണക്ടിക്കട്ടിലെ പൊലീസില്‍ വിവരം അറിയിച്ചിരുന്നു.   കാലിഫോർണിയ സ്വദേശിയും മെക്കാനിക്കല്‍ എന്‍ജിനിയറിങ് ബിരുദധാരിയുമായ പ്രതിയുടെ സമൂഹമാധ്യമ പോസ്റ്റുകളിലും ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളോടുള്ള എതിര്‍പ്പ് വ്യക്തമാണ്.  

തോക്കുകള്‍ 2023ലും 2025ലും കലിഫോര്‍ണിയയില്‍ നിന്ന് വാങ്ങിയവയാണ്. ആക്രമണത്തിന് പദ്ധതിയിട്ട അലന്‍ രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ചതായും കണ്ടെത്തിയിട്ടുണ്ട്. വൈറ്റ് ഹൗസ് മാധ്യമപ്രവര്‍ത്തകര്‍ക്കായി ട്രംപ് വിരുന്നൊരുക്കിയ ഹില്‍ട്ടന്‍ ഹോട്ടലില്‍ മുറിയെടുത്താണ് ആക്രമണത്തിന് അവസാനവട്ട ഒരുക്കം നടത്തിയത്. പ്രതിയുടെ അതൃപ്തി പ്രസിഡന്റിനോ‌ടും വൈസ് പ്രസിഡന്റിനോ‌ട‌ും വ്യക്തിപരമായിരുന്നോ അതോ ഭരണകൂടത്തോട് പൊതുവിലുണ്ടായിരുന്നോ എന്നതും അന്വേഷണസംഘം പരിശോധിച്ച് വരികയാണ്. 

ENGLISH SUMMARY:

Washington shooting details reveal Cole Thomas Allen's anger towards the Trump administration, suggesting a politically motivated attack during a US President's dinner. Investigations are ongoing to understand the full extent of his grievances and planned movements.