യുദ്ധം അവസാനിപ്പിക്കാന്‍ യു.എസിന് മുന്നില്‍ പുതിയ നിര്‍ദേശങ്ങളുമായി ഇറാന്‍. ആണവചര്‍ച്ച മാറ്റിവച്ച് കരാറിന് തയാറാകണമെന്ന നിര്‍ദേശം മധ്യസ്ഥരായ പാക്കിസ്ഥാന്‍ വഴി കൈമാറിയെന്നാണ് സൂചന. നാവിക ഉപരോധം പിന്‍വലിച്ച് ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ വഴിയൊരുക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു.
ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കെയാണ് ഇറാന്‍ പുതിയ നിര്‍ദേശം മുന്നോട്ടുവച്ചത്. വെടിനിര്‍ത്തല്‍ ദീര്‍ഘകാലത്തേക്ക് നീട്ടി ഹോര്‍മുസ് തുറക്കാന്‍ ആദ്യം വഴിയൊരുക്കുക. സ്ഥിതി സാധാരണ നിലയിലാകുന്ന സാഹചര്യത്തില്‍ പിന്നീട് ആണവചര്‍ച്ചകളിലേക്ക് കടക്കാമെന്നാണ് ഇറാന്റെ നിര്‍ദേശം. ഹോര്‍മുസ് തുറക്കുന്നതില്‍ ഇന്നലെ ഇറാന്‍ വിദേശകാര്യമന്ത്രി മസ്കത്തിലെത്തി ഒമാന്‍ സുല്‍ത്താനുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് പാക്കിസ്ഥാനിലെത്തി സൈനികമേധാവി അടക്കമുള്ളവരുമായി ചര്‍ച്ച നടത്തിയാണ് നിര്‍ദേശങ്ങള്‍ കൈമാറിയതെന്നാണ് സൂചന.
എന്നാല്‍, ഇറാന് ആണവായുധം അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ ആവശ്യപ്പെട്ടാല്‍ മാത്രം ചര്‍ച്ചയെന്നുമാണ് നിലപാട്. പാക്കിസ്ഥാനില്‍നിന്ന് റഷ്യയിലേക്ക് പോയ ഇറാന്‍ വിദേശകാര്യമന്ത്രി പ്രസിഡന്റ് പുട്ടിനുമായി ചര്‍ച്ച നടത്തും. ഹോര്‍മുസില്‍ സ്തംഭനം തുടരുന്നതിനിടെ രാജ്യാന്തര വിപണിയില്‍ എണ്ണവില ബാരലിന് 107 ഡോളര്‍ കടന്നു.