ഫയല്‍ ചിത്രം
യു.എസ്–ഇറാന്‍ യുദ്ധം എട്ടാം ആഴ്ചയിലേക്ക് കടക്കുമ്പോൾ സമാധാന ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി. അമേരിക്കയുമായുള്ള രണ്ടാംഘട്ട ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറി. പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്‌ലാമാബാദിൽ ഇന്ന് നടക്കാനിരുന്ന ചർച്ചയിൽ നിന്ന് പിന്മാറുന്നതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ 'ഇർന' (IRNA) ആണ് റിപ്പോർട്ട് ചെയ്തത്. അമേരിക്കയുടെ അമിതമായ ആവശ്യങ്ങളും യാഥാർത്ഥ്യബോധമില്ലാത്ത നിലപാടുകളുമാണ് പിന്മാറ്റത്തിന് കാരണമായി ഇറാൻ ചൂണ്ടിക്കാട്ടുന്നത്.
ചർച്ചകൾക്കായി തന്റെ ദൂതന്മാർ തിങ്കളാഴ്ച ഇസ്‌ലാമാബാദിലെത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്റെ നാടകീയ നീക്കം. വാഷിംഗ്ടൺ തുടർച്ചയായി നിലപാടുകൾ മാറ്റുകയാണെന്നും നാവിക ഉപരോധം പിൻവലിക്കാതെ ചർച്ചയ്ക്കില്ലെന്നും ഇറാൻ വ്യക്തമാക്കി.
യു.എസിന്റേത് അമിത ആവശ്യങ്ങളാണ്. വെടിനിർത്തൽ ലംഘിച്ചുകൊണ്ട് ഇറാനിയൻ തുറമുഖങ്ങൾക്കുമേൽ ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം അവസാനിപ്പിക്കണമെന്നും ഇറാന്റെ ആവശ്യപ്പെട്ടു. ചർച്ചയ്ക്ക് സമ്മതിച്ചെന്ന വാർത്തകൾ തെറ്റാണെന്നും നിലവിലെ സാഹചര്യത്തിൽ ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും ടെഹ്‌റാൻ അറിയിച്ചു.
ഇറാൻ ചർച്ചയിൽ നിന്ന് പിന്മാറിയതോടെ ഭീഷണിയുമായി ട്രംപ് വീണ്ടും രംഗത്തെത്തി. തന്റെ നിബന്ധനകൾ അംഗീകരിച്ചില്ലെങ്കിൽ ഇറാനിലെ എല്ലാ പവർ പ്ലാന്റുകളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് 'ട്രൂത്ത് സോഷ്യലിൽ' കുറിച്ചു.
സമാധാന നീക്കങ്ങൾ പരാജയപ്പെട്ടതോടെ ആഗോള എണ്ണ വിപണി വീണ്ടും ആശങ്കയിലായി. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. ഞായറാഴ്ച പുലർച്ചെ കടലിടുക്കിലേക്ക് നീങ്ങിയ രണ്ട് എൽ.പി.ജി ടാങ്കറുകളെ ഇറാൻ സൈന്യം വെടിയുതിർത്ത് പിന്തിരിപ്പിച്ചു. സമാധാന ചർച്ചകൾ മുടങ്ങിയതോടെ തിങ്കളാഴ്ച വിപണി തുറക്കുമ്പോൾ രാജ്യാന്തര വിപണിയിൽ എണ്ണവില കുത്തനെ ഉയരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
യു.എസ് പ്രതിനിധി സംഘത്തിന്റെ വരവിനായി ഇസ്‌ലാമാബാദിൽ വലിയ ഒരുക്കങ്ങളാണ് പാകിസ്ഥാൻ നടത്തിയിരുന്നത്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്‌നർ എന്നിവരടങ്ങുന്ന സംഘത്തിനായി നഗരത്തിൽ ഗതാഗത നിയന്ത്രണവും സുരക്ഷാ വലയവും ഒരുക്കിയിരുന്നു. ചർച്ചകൾ നടന്ന സെറീന ഹോട്ടലിൽ നിന്ന് അതിഥികളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇറാന്റെ പിന്മാറ്റത്തോടെ പാക്കിസ്ഥാൻ നയിക്കുന്ന മധ്യസ്ഥ ശ്രമങ്ങൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. യുദ്ധം എട്ടാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള വിടവ് വർദ്ധിക്കുന്നത് ആഗോള ഊർജ്ജ പ്രതിസന്ധിയെ കൂടുതൽ രൂക്ഷമാക്കും.