സര്‍ക്കസിനിടെ സുരക്ഷാവല കടന്ന് കാണികള്‍ക്കിടയിലേക്ക് കടുവ ചാടി. റഷ്യയിലെ റൊസ്തോവ് ഓണ്‍ ഡോണില്‍ നടന്ന സർക്കസിനിടെയാണ് കടുവ കാണികൾക്കിടയിലേക്ക് ചാടിയത്. മൂന്ന് കടുവകളായിരുന്നു വേദിയിലുണ്ടായിരുന്നത്. പ്രകടനം നടന്നുകൊണ്ടിരിക്കെ, കടുവകളെ കാണികളിൽ നിന്ന് വേർതിരിക്കുന്ന സുരക്ഷാ വല പെട്ടെന്ന് തകർന്നു വീണു. വല തകർന്നതോടെ ഒരു കടുവ മുൻനിരയിൽ ഇരുന്നിരുന്ന കാണികൾക്കിടയിലേക്ക് കുതിച്ചുചാടി. ഈ സമയത്ത് കാണികള്‍ പരിഭ്രാന്തരായി, മാതാപിതാക്കള്‍ കുട്ടികളെ ചേര്‍ത്തുപിടിച്ചു.
കടുവ കാണികള്‍ ഇരിക്കുന്ന സീറ്റിന് പിന്നിലൂടെ നടക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നുണ്ട്. കൂടുതൽ പ്രകോപനം ഒഴിവാക്കാൻ ശാന്തത പാലിക്കാൻ സംഘാടകർ കാണികളോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു. സംഭവത്തിൽ ആർക്കും പരുക്കില്ലെന്ന് സർക്കസ് ഡയറക്ടർ നിക്കോളായ് ഡോവ്ഗലുക്ക് അറിയിച്ചു. കടുവയെ തിരികെ കൂട്ടിലേക്ക് എത്തിച്ചെന്നും പരിശീലനം ലഭിച്ച മൃഗങ്ങളാണ് തങ്ങള്‍ക്കൊപ്പമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനും കാണികളുടെ ജീവന് ഭീഷണിയായ രീതിയിൽ പ്രകടനം നടത്തിയതിനും സർക്കസ് അധികൃതർക്കെതിരെ റഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി കേസ് രജിസ്റ്റർ ചെയ്തു.