trump-cuba

TOPICS COVERED

വെനസ്വേലയിലേയും ഇറാനിലേയും സൈനിക വിജയത്തിനു ശേഷം ഇനി ക്യൂബയിലേക്കെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.  മിയാമിയില്‍ നടന്ന നിക്ഷേപകസംഗമത്തിലാണ് ക്യൂബയാണ് തങ്ങളുടെ അടുത്ത ഇരയെന്ന് ട്രംപ് വെളിപ്പെടുത്തിയത്. എന്നാല്‍ ക്യൂബയില്‍ ഏത് രീതിയിലുള്ള നടപടിയാണ് ഉദ്ദേശിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. 

ഈ മാസമാദ്യം തന്നെ ക്യൂബയാണ് അടുത്ത ലക്ഷ്യമെന്ന് ട്രംപ് പറഞ്ഞിരുന്നുവെങ്കിലും സൗഹൃദപരമായ ഏറ്റെടുക്കല്‍ എന്നാണ് അന്ന് വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ അങ്ങനെയാകണമെന്നില്ലെന്നാണ് മിയാമിയില്‍ ട്രംപ് പറഞ്ഞത്. വലിയ സൈന്യത്തെ താന്‍ കെട്ടിപ്പടുത്തത് ഉപയോഗിക്കേണ്ടി വരില്ലെന്ന് കരുതിയായിരുന്നു, പക്ഷേ ഉപയോഗിക്കേണ്ടി വന്നേക്കാമെന്നും സൈനിക നടപടി സൂചിപ്പിച്ച് ട്രംപ് പറയുന്നു.

അതേസമയം തന്നെ ക്യൂബയെ ഏറ്റെടുക്കാനുള്ള തീരുമാനം തനിക്ക് വലിയ ബഹുമതി നല്‍കിയേക്കുമെന്നും ആ രാജ്യത്തെ മോചിപ്പിക്കാന്‍ സാധിക്കുമെന്നും ട്രംപ് പറയുന്നു. ക്യൂബന്‍ ദ്വീപിന്മേൽ എന്ത് വേണമെങ്കിലും ചെയ്യാനുള്ള അധികാരം തനിക്കുണ്ടെന്ന് നേരത്തേ വൈറ്റ് ഹൗസിൽ വച്ച് മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ സംഭാഷണത്തിനിടെ ട്രംപ് അവകാശപ്പെട്ടിരുന്നു. 

അതേസമയം തന്നെ ഇരുരാജ്യങ്ങളിലേയും നേതാക്കള്‍ തമ്മില്‍ നയതന്ത്ര ചർച്ചകൾ തുടരുകയാണെന്നാണ് സൂചന. ഒരു കരാറിലെത്താൻ സാധ്യതയുണ്ടെന്ന് ട്രംപ് സൂചിപ്പിക്കുന്നുണ്ടെങ്കിലും സൈനിക നടപടികൾക്കുള്ള സാധ്യതകളും തള്ളിക്കളയാനാവില്ലെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. 

ക്യൂബയുടെ പ്രധാന ഇന്ധന സ്രോതസായിരുന്ന വെനസ്വേലയില്‍ അട്ടിമറിയിലൂടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് കീഴടക്കിയതോടെ വലിയ പ്രതിസന്ധിയിലാണ് ദ്വീപന്‍ രാഷ്ട്രം. വെനസ്വേലയുടെ സഹായം നിലച്ചത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും ഇന്ധനക്ഷാമത്തിലേക്കും രാജ്യത്തെ തള്ളിവിട്ടതായാണ് റിപ്പോര്‍ട്ട്. യുഎസ് സമ്മര്‍ദ്ദം ശക്തമാക്കുന്നുണ്ടെങ്കിലും നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാനുള്ള ശ്രമം നടത്തുകയാണെന്ന് ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡയസ്-കാനൽ പറയുന്നു. കാനലിനെ മാറ്റുകയെന്നതാണ് യുഎസിന്റെ ലക്ഷ്യമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 

Trump Sets Sights on Cuba After Venezuela and Iran:

US President Donald Trump has indicated a potential military intervention in Cuba, following perceived successes in Venezuela and Iran. Trump's remarks at an investor conference in Miami suggest Cuba is the next target, though the specifics of his planned actions remain undisclosed.