kuwait-airport-drone-attack-news

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ  ഡ്രോൺ ആക്രമണം. വിമാനത്താവളത്തിലെ അതീവ സുരക്ഷാ മേഖലയിലുള്ള റഡാർ സംവിധാനത്തിന് ആക്രമണത്തിൽ കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റിയെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ 'കുന' റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ആളപായമോ ആർക്കെങ്കിലും പരുക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഒന്നിലധികം ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. റഡാർ സംവിധാനങ്ങൾക്ക് പുറമെ ടെർമിനൽ 1, ഇന്ധന സംഭരണശാലകൾ എന്നിവിടങ്ങളിലും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. സംഭവമുണ്ടായ ഉടൻ തന്നെ എമർജൻസി ടീമുകളും സുരക്ഷാ വിഭാഗങ്ങളും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. തകരാറിലായ റഡാർ സംവിധാനങ്ങൾ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

ഫെബ്രുവരി അവസാനം മുതൽ വിമാനത്താവളത്തിലെ നിർണ്ണായകമായ അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് വാണിജ്യ വിമാന സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. വിമാനത്താവളം എന്ന് വീണ്ടും തുറക്കുമെന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമായിട്ടില്ല. ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയർവേയ്‌സ് ഉൾപ്പെടെയുള്ളവ സർവീസുകൾ നിർത്തിവെക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. 

ENGLISH SUMMARY:

Kuwait International Airport experienced a significant drone attack impacting its radar systems and causing damage to Terminal 1 and fuel depots. Commercial flights remain suspended indefinitely as authorities work to restore damaged infrastructure, with no casualties reported.