പെണ്‍സുഹൃത്തിനെ ആക്രമിക്കുന്നത് വിഡിയോകോളില്‍ കണ്ട് ഇംഗ്ലണ്ടിലെ എമര്‍ജന്‍സി സര്‍വീസില്‍ വിവരമറിയിച്ച ഡോണള്‍ഡ് ട്രംപിന്‍റെ മകന് അഭിനന്ദന പ്രവാഹം. കഴിഞ്ഞ വര്‍ഷം നടന്ന സംഭവത്തില്‍ റഷ്യന്‍ സ്വദേശിയായ പ്രതിയുടെ വിചാരണാ വേളയില്‍ 20കാരനായ ബാരണ്‍ ട്രംപിനെ യുകെ കോടതി ജഡ്ജി അഭിനന്ദിച്ചു. സംഭവത്തില്‍ 22കാരനായ റഷ്യന്‍ പൗരന്‍ മത്‌വേ റുമിയാന്‍സേവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ബാരണ്‍ ട്രംപുമായുള്ള സൗഹൃദത്തില്‍ അസൂയ പൂണ്ടാണ് യുവതിയെ മത്‌വേ ആക്രമിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ആക്രമിക്കപ്പെട്ട യുവതി എമര്‍ജന്‍സി നമ്പറില്‍ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ സാധിച്ചില്ലെന്നും പ്രതി യുവതിയെ നിലത്തിട്ട് മുടിയില്‍ പിടിച്ചുവലിച്ചതായും ജഡ്ജി ജോയല്‍ ബെന്നതന്‍ പറയുന്നു. ഇതിനിടയിലാണ് യുവതി ബാരണ്‍ ട്രംപിനെ വിഡിയോ കോള്‍ ചെയ്തത്.

വിഡിയോയില്‍ പ്രതി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കണ്ടതോടെ ബാരണ്‍ ഉടന്‍ തന്നെ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിച്ചുവെന്നും ജഡ്ജി വ്യക്തമാക്കുന്നു. അമേരിക്കയിലിരുന്ന് ഇംഗ്ലണ്ടിലെ എമര്‍ജന്‍സി സര്‍വീസിനെ വിവരമറിയിച്ച് യുവതിയെ രക്ഷപ്പെടുത്തിയതായും ജഡ്ജി കോടതിയില്‍ വിവരിച്ചു.

അന്വേഷണത്തില്‍ പ്രതി മത്‌വേ കുറ്റക്കാരനാണെന്ന് വ്യക്തമായതായും ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയതായും ജഡ്ജി വ്യക്തമാക്കി. മറ്റു പല കേസുകളിലും പ്രതിയാണ് മത്്‌വേ. വിചാരണയ്ക്കിടെ ബാരണ്‍ ട്രംപിന്‍റെ സമയോചിതമായ നടപടിയെ യുകെ കോടതി പ്രശംസിച്ചു. ട്രംപിന്‍റെയും മെലാനിയ ട്രംപിന്‍റെയും ഏകമകനാണ് ബാരണ്‍ ട്രംപ്.

സോഷ്യല്‍മീഡിയ വഴിയുള്ള സൗഹൃദമാണ് യുവതിയുമായുള്ളതെന്ന് ബാരണ്‍ ട്രംപ് യുകെ പൊലീസിനോട് പറഞ്ഞു.ആക്രമണത്തിനിടെ രക്ഷയ്ക്കായി യുവതി ബാരണ്‍ ട്രംപിനെ വിളിക്കുകയായിരുന്നുവെന്ന് യുകെ പൊലീസും വ്യക്തമാക്കി. എട്ട് മിനിറ്റോളമാണ് വിഡിയോ കോള്‍ നീണ്ടുനിന്നതെന്നും പൊലീസ് പറയുന്നു.

 

 

Barron Trump Hailed for Heroic Video Call Rescue:

Barron Trump is being praised for his quick thinking and responsible actions during a video call where he witnessed his female friend being attacked. He alerted UK emergency services from America, leading to the apprehension of the Russian attacker.