Image: Eyal Zamir, Benjamin Netanyahu, AFP

Image: Eyal Zamir, Benjamin Netanyahu, AFP

ഇസ്രയേല്‍ സൈനികരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുവന്നെന്നും ത്വരിതനടപടി വേണമെന്നും ആവശ്യപ്പെട്ട് സൈനിക മേധാവി ലഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ നെതന്യാഹു സര്‍ക്കാറിനു മുന്നറിയിപ്പ് നല്‍കി. ഈ ആഴ്ചയിലാദ്യം നടന്ന സുരക്ഷാ കാബിനറ്റ് യോഗത്തിലാണ്  സൈനികരുടെ പ്രവർത്തന സമ്മർദ്ദത്തെക്കുറിച്ച് സമീര്‍ മുന്നറിയിപ്പ് നല്‍കിയത്. ഇസ്രായേൽ പ്രതിരോധ സേന (IDF) തകർച്ചയുടെ വക്കിലാണെന്ന് സമീര്‍ ഭരണാധികാരികളോട് വ്യക്തമായി പറഞ്ഞതായി ദ് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

മന്ത്രിമാര്‍ക്ക് മുന്‍പില്‍ ‘പത്ത് ചുവന്ന പതാകകള്‍’ വയ്ക്കുകയാണെന്ന് പറഞ്ഞായിരുന്നു സമീര്‍ സ്ഥിതിഗതികളുടെ ഗൗരവം ഭരണകൂടത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതെന്ന് ചാനല്‍ 13 റിപ്പോര്‍ട്ട് ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രയേല്‍ വ്യക്തമാക്കുന്നു. നിലവിലെ സാഹചര്യങ്ങള്‍ തരണം ചെയ്യാന്‍ നിയമപരമായ പരിഷ്ക്കാരങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം പറയുന്നു. നിർബന്ധിത സൈനിക സേവന നിയമം, റിസർവ് ഡ്യൂട്ടി നിയമം, നിർബന്ധിത സേവന കാലാവധി നീട്ടുന്നതിനുള്ള നിയമം എന്നിവ അടിയന്തരമായി ആവശ്യമാണെന്ന് സമീര്‍ ആവശ്യപ്പെട്ടു. 

ഈ സാഹചര്യം തുടര്‍ന്നാല്‍ സൈന്യത്തിന്റെ നിലനില്‍പ് തന്നെ അവതാളത്തിലാകുമെന്നും ഇറാന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ സാധിക്കാതെ വരുമെന്നും സമീര്‍ പറയുന്നു. സൈനികമേധാവിയുടെ മുന്നറിയിപ്പ് കേട്ട് പ്രതിപക്ഷം കടുത്ത വിമര്‍ശനമുയര്‍ത്തി. രാജ്യത്തിന്റെ സുരക്ഷയല്ല ഭരണകൂടം ലക്ഷ്യം വയ്ക്കുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. 

മാത്രമല്ല സൈന്യത്തിലേക്ക് അൾട്രാ ഓർത്തഡോക്സ് വിഭാഗത്തിൽപ്പെട്ട പുരുഷന്മാരെ ചേര്‍ക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ നിലവിലെ നിയമനിര്‍മാണങ്ങളിലെ തടസങ്ങളാണ് ഇതിന് കാരണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വെസ്റ്റ് ബാങ്കിലെ സർക്കാര്‍ നയങ്ങൾ സൈന്യത്തിന്റെ പരിമിതമായ ശേഷിയെ കൂടുതൽ സമ്മർദ്ദത്തിലാക്കുകയാണെന്നും കാബിനറ്റ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. 

കഴിഞ്ഞ ഒരു വർഷത്തിനിടെ ജോർദാൻ താഴ്‌വരയിലും വെസ്റ്റ് ബാങ്കിലും സര്‍ക്കാര്‍ പുതിയ സെറ്റിൽമെന്റുകൾക്ക്  അംഗീകാരം നൽകിയിട്ടുണ്ടെന്നും ഇവിടെ ആവശ്യമായ സംരക്ഷണത്തിന് കൂടുതല്‍ സൈനികരെ ആവശ്യമാണെന്നും ഇയാല്‍ സമീര്‍ ഭരണകൂടത്തെ അറിയിച്ചു. 

ഇറാനുമായുള്ള യുദ്ധം പുരോഗമിക്കുന്നതിനിടെയാണ് വെസ്റ്റ് ബാങ്കിലേക്ക് ഇസ്രായേൽ പ്രതിരോധ സേന ഒരു ഇൻഫൻട്രി ബറ്റാലിയനെ വിന്യസിച്ചത്. ലെബനനിൽ വിന്യസിക്കേണ്ടിയിരുന്ന ബറ്റാലിയനെയാണ് പലസ്തീനികൾക്കെതിരായ അക്രമങ്ങൾ തടയുന്നതിനായി വെസ്റ്റ് ബാങ്കിലേക്ക് വഴിതിരിച്ചുവിട്ടത്. ഇത്തരത്തിലുള്ള സൈനികനടപടികള്‍ക്ക് ആള്‍ബലം അത്യാവശ്യമാണെന്നും ഇയാല്‍ സമീര്‍ പറയുന്നു.

ചാനല്‍ 13 റിപ്പോര്‍ട്ടിനു പിന്നാലെ പ്രതിപക്ഷ നേതാവ് യായിര്‍ ലാപിഡ് പ്രസ് കോണ്‍ഫറന്‍സ് വിളിച്ചു ചേര്‍ത്തതായും സര്‍ക്കാര്‍ നടപടികളെ രൂക്ഷമായി വിമര്‍ശിച്ചതായും സൂചനകളുണ്ട്. യാതൊരു ആസൂത്രണവും നയതന്ത്രവുമില്ലാതെ സര്‍ക്കാര്‍ പലപല യുദ്ധമുഖങ്ങളിലേക്ക് ഇസ്രയേല്‍ സൈനികരെ ബലികഴിക്കാന്‍ വിടുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

ഇത്തവണ നെതന്യാഹു സര്‍ക്കാറിന് ആരോപണങ്ങളില്‍ നിന്നും ഒളിച്ചുപോകാന്‍ സാധിക്കില്ലെന്നും അവര്‍ നിയോഗിച്ച സൈനികമേധാവി തന്നെയാണ് രാജ്യം കാക്കേണ്ട സൈന്യത്തിന്റെ ദുര്‍ബലതയെക്കുറിച്ച് സംസാരിക്കുന്നതെന്നും ലാപിഡ് ആഞ്ഞടിച്ചു. 

Israel Military Faces Critical Manpower Shortage:

The IDF is at a breaking point according to a stern warning from military chief Lieutenant General Yair Amir to the Netanyahu government, highlighting a severe depletion in Israeli soldiers and an urgent need for decisive action. This dire assessment, communicated through 'ten red flags' to ministers, underscores the critical strain on the Israeli Defense Forces and its implications for national security.