ഇറാൻ നാവികസേനാ കമാൻഡറും ആഗോള ഊർജ്ജ പ്രതിസന്ധിക്ക് കാരണമായ ഹോർമുസ് കടലിടുക്ക് ഉപരോധത്തിന് പിന്നിലെ സൂത്രധാരനുമായ അലിരേസ തങ്സിരിയെ വധിച്ചതായി അവകാശപ്പെട്ട് ഇസ്രായേൽ. തുറമുഖ നഗരമായ ബന്ദർ അബ്ബാസിൽ നടന്ന വ്യോമാക്രമണത്തിലാണ് തങ്സിരി കൊല്ലപ്പെട്ടതെന്ന് ദ ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.ഈ വാരാന്ത്യത്തിൽ ഉണ്ടായേക്കാവുന്ന വെടിനിർത്തൽ പ്രഖ്യാപനത്തിന് മുന്നോടിയായി, ഇറാൻ സൈനിക ലക്ഷ്യങ്ങൾക്ക് നേരെ ആക്രമണം ശക്തമാക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇസ്രായേൽ സേനയ്ക്ക് നിർദ്ദേശം നൽകിയിരുന്നു.
അതേസമയം ഇത് സംബന്ധിച്ച് ഇറാനോ ഐആർജിസിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. താങ്‌സിരിയുടെ കൊലപാതകം, ക്രൂഡ് ഓയിലും വാതകവും കടത്തിവിടുന്ന ഹോർമുസിനെ യുദ്ധത്തിന് മുന്‍പുള്ള നിലയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് ഉറപ്പാക്കാൻ സഹായിക്കുമെന്ന് അമേരിക്ക പ്രതീക്ഷിക്കുന്നു. ഉപരോധം, ഇന്ധന വിലവർധന, യുഎസിനെ പ്രത്യക്ഷയുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കല്‍ എന്നിവയ്ക്ക് സ്വന്തം നാട്ടില്‍ വിമര്‍ശനങ്ങള്‍ വര്‍ധിച്ചുവന്നതോടെയാണ് ട്രംപ് ശ്രദ്ധ ഹോര്‍മൂസിലേക്ക് തിരിച്ചത്.
തങ്സിരിയുടെ മരണം ഹോർമുസ് ഉപരോധം നീക്കുമോ?
ഇക്കാര്യത്തിൽ വ്യക്തതയില്ലെങ്കിലും അതിനുള്ള സാധ്യത കുറവാണ്. കാരണം ഇറാന്‍റ സൈനിക ഘടന വ്യക്തികളെയല്ല, മറിച്ച് പല തട്ടുകളിലുള്ള സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്. യുദ്ധത്തിന്‍റെ ആദ്യദിനം പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും, ദിവസങ്ങൾക്കുശേഷം ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയും കൊല്ലപ്പെട്ടിട്ടും പകരം സംവിധാനങ്ങൾ വേഗത്തിൽ നിലവിൽ വന്നത് ഇതിന് തെളിവാണ്. ഇവരുടെ മരണം യുദ്ധശ്രമങ്ങളെ ബാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചി അൽ ജസീറയോട് പറഞ്ഞു. ഇറാന്‍റെ 'മൊസൈക് ഡിഫൻസ്' (mosaic defence) തന്ത്രം അനുസരിച്ച് യുദ്ധം എപ്പോൾ, എങ്ങനെ അവസാനിക്കണമെന്ന് തീരുമാനിക്കാൻ ഇറാന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയെ എങ്ങനെ ബാധിക്കും?
ലോകത്തിലെ മൂന്നാമത്തെ വലിയ ഊർജ്ജ ഉപഭോക്താവായ ഇന്ത്യ, തങ്ങളുടെ ക്രൂഡ് ഓയില്‍ (crude oil) ആവശ്യങ്ങൾക്കായി ഇറക്കുമതിയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. പ്രതിദിനം 5.5 മുതൽ 6 ദശലക്ഷം ബാരൽ എണ്ണ ഇന്ത്യക്ക് ആവശ്യമാണ്. ഇതിൽ ഏകദേശം 40 ശതമാനവും വരുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്. ഹോർമുസ് തുറക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയ്ക്ക് നിർണായകമാണ്. എണ്ണവില ശരാശരി 85 ഡോളറിൽ തുടർന്നാൽ പോലും ഇന്ത്യയുടെ വളർച്ചാനിരക്കിൽ 0.5 ശതമാനം കുറവുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്. വില 100 ഡോളറിന് അടുത്തായാൽ ആഘാതം ഒരു ശതമാനം വരെയാകാം. സപ്ലയർമാരുടെ എണ്ണം 27-ൽ നിന്ന് 41 ആയി വർദ്ധിപ്പിച്ചും തന്ത്രപ്രധാനമായ കരുതൽ ശേഖരം ഉപയോഗിച്ചും പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും, ദീർഘകാലാടിസ്ഥാനത്തിലുള്ള തടസ്സം തിരിച്ചടിയാണ്.
ലോകത്തിലെ ഊർജ്ജ വ്യാപാരത്തിന്‍റെ അഞ്ചിലൊന്ന് (പ്രതിദിനം 20-25 ദശലക്ഷം ബാരൽ) കടന്നുപോകുന്ന 33 കിലോമീറ്റർ മാത്രം വീതിയുള്ള ജലപാതയാണ് ഹോര്‍മൂസ് കടലിടുക്ക്. ഇതിന്‍റെ ഭൂമിശാസ്ത്രപരമായ നിയന്ത്രണം ഇറാന്‍റെ കൈവശമാണ്. ഖെഷ്ം (Qeshm) ദ്വീപിലെ ഭൂഗർഭ മിസൈൽ കേന്ദ്രങ്ങൾ ഉപയോഗിച്ച് ഇറാൻ ഏർപ്പെടുത്തിയ ഉപരോധം ടാങ്കർ ഗതാഗതത്തെ 95 ശതമാനം ബാധിക്കുകയും ബ്രെന്‍റ് ക്രൂഡ് വില ബാരലിന് 100 ഡോളറിന് മുകളിൽ എത്തിക്കുകയും ചെയ്തു. തങ്സിരി ആയിരുന്നു ഈ ഉപരോധത്തിന്‍റെ സൂത്രധാരൻ.